Latest Videos

'ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യം'; ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് നല്ല കാര്യമെന്ന് യെച്ചൂരി

By Web TeamFirst Published Sep 16, 2022, 5:10 PM IST
Highlights

ഓരോ സംസ്ഥാനത്തും എത്ര ദിവസം യാത്ര വേണമെന്ന് ആ പാർട്ടികളാണ് തീരുമാനിക്കേണ്ടതമെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. 

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ  ആഭ്യന്തര കാര്യമെന്ന് സീതാറാം യെച്ചൂരി. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് നല്ല കാര്യമാണെന്നും യെച്ചൂരി പറഞ്ഞു. പല പാർട്ടികളും യാത്രകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും എത്ര ദിവസം യാത്ര വേണമെന്ന് ആ പാർട്ടികളാണ് തീരുമാനിക്കേണ്ടതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടി മതേതര പാർട്ടികളെ ഒന്നിപ്പിക്കാൻ മുൻ കൈ എടുക്കണമെന്നും യെച്ചൂരി പറഞ്ഞു. തമിഴ്നാട് ഇതിന് ഉദാഹരണമാണ്. ജനാധിപത്യ മതേതര പാർട്ടികളെ ഒന്നിപ്പിച്ച് മുന്നണിയോ സഖ്യമോ ഉണ്ടാക്കാം. അത് സംസ്ഥാന തലങ്ങളിൽ ഉണ്ടാകണം. കേരളം നീതി ആയോഗിന്‍റെ എല്ലാ സൂചികകളിലും മുന്നിലാണ്. യുപിയുമായി താരതമ്യം ചെയ്യാനാകില്ല. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് സെൻസസ് നടന്നിട്ടില്ല. അത് നടത്തുന്നതിനൊപ്പം തന്നെ ജാതി സെൻസസും നടത്താവുന്നതാണെന്ന് പറഞ്ഞ യെച്ചൂരി, കേരളത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: 'അർജൻ്റീന,കൊളംബിയ,അൻ്റാർട്ടിക തുടങ്ങി ലോകത്തിലെ എല്ലാകാര്യങ്ങളും നമ്മൾപറയും,എന്നാൽ നാട്ടിലെകാര്യങ്ങൾ അറിയില്ല'

ബിഹാറിൽ മഹാസഖ്യ സർക്കാർ അധികാരത്തിൽ വന്നത് പുതിയ മുന്നേറ്റമാണെന്നും സിപിഎമ്മും ആ മുന്നേറ്റത്തിൽ പങ്ക് ചേരുന്നുവെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരെ  ജനാധിപത്യ-മതേതര പാർട്ടികളെയും ഐക്യപ്പെടുത്താനുള്ള നീക്കങ്ങൾക്കായി പ്രവർത്തിക്കാനാണ് പി ബി തീരുമാനമെന്നും ഇടത് പാർട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് സാമ്പത്തിക വളർച്ച താഴോട്ടാണ്. സർക്കാർ സാമ്പത്തിക വളർച്ചയെ കുറിച്ച് നൽകുന്നത്  തെറ്റായ വിവരങ്ങളാണെന്ന് ആരോപിച്ച യെച്ചൂരി, വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് വർധിച്ചുവെന്നും കുറ്റപ്പെടുത്തി.  2021 ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് 15 ശതമാനം ഉയർന്നുവെന്ന് പിബി യോഗം വിലയിരുത്തി.

click me!