'സിപിഎമ്മില്‍ വണ്‍മാന്‍ഷോയില്ല'; ശൈലജ രാജ്യത്തിനാകെ മാതൃക, ബംഗാളില്‍ പാര്‍ട്ടി തിരിച്ചുവരുമെന്നും യെച്ചൂരി

By Web TeamFirst Published May 26, 2021, 8:27 PM IST
Highlights

മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലെന്നും കെ കെ ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷമെന്നും യെച്ചൂരി പറഞ്ഞു.

ദില്ലി: സിപിഎമ്മില്‍ ആരുടെയും അധീശ്വതമുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് പോലും ആധിപത്യം ഉണ്ടായിരുന്നില്ലെന്നും സിപിഎമ്മില്‍ വണ്‍മാന്‍ ഷോയില്ലെന്നും യെച്ചൂരി പറഞ്ഞു. പിണറായി വിജയനാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പ്രചാരണം നടന്നു. വ്യക്തികളുടെ സംഭാവന ഉണ്ടാകും എന്നാല്‍ പാര്‍ട്ടി കൂട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി വലിയ വിജയമാണ് നേടിയത്. ചരിത്ര വിജയം നേടിയ സര്‍ക്കാര്‍ ജനങ്ങളെ മഹാമാരിയില്‍ നിന്ന് രക്ഷിക്കണം. പ്രകടനപത്രികയില്‍ പറയുന്നത് നടപ്പാക്കണമെന്നും യെച്ചൂരി പറഞ്ഞു. 

മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലെന്നും കെ കെ ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷമെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമെങ്കിലും മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ബം​ഗാളില്‍ ഒരിക്കല്‍ പോലും മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെട്ടിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ശൈലജ ജനങ്ങളുടെ വിശ്വാസം നേടിയെന്ന് മാത്രമല്ല രാജ്യത്തിന് ആകെ മാതൃകയായി. ശൈലജയുടെ സേവനം പാര്‍ട്ടി ഇനിയും ഉപയോ​ഗിക്കും. കഴിഞ്ഞതവണ എല്‍ഡിഎഫ് സര്‍ക്കാരില്‍ രണ്ടുവനിതാ മന്ത്രമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മൂന്നായി.

ജിഎസ്ടി കൗണ്‍സില്‍ ഫെഡറല്‍ നയത്തിനായി വാദിച്ചയാളാണ് തോമസ് ഐസക്ക്. സ്ഥാനാര്‍ത്ഥികളാക്കാതെ അവരെ മാറ്റിയതും നയപരമായ തീരുമാനമായിരുന്നെന്ന് യെച്ചൂരി പറഞ്ഞു. ആരോ​ഗ്യം മെച്ചപ്പെട്ടാല്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന് ഒരു മുന്നറിയിപ്പായിരുന്നു. നയപരമായ ബദല്‍ വേണം എന്നതിന് തെളിവാണ് ഫലം. കേരളത്തിലുണ്ടായിരുന്ന ബിജെപിയുടെ ഒരു സീറ്റ് പോലും പോയി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കാതെയും നിയമ വിരുദ്ധമായുമാണ് അവിടുത്തെ നടപടികളെന്നും യെച്ചൂരി പറഞ്ഞു. അമിത് ഷായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി. 

click me!