
ദില്ലി: കൊവിഡ് വാക്സിേനഷനെതിരെ തെറ്റായ പ്രചാരണം നടത്തിയ ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഐ എം എ പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും പതിനായിരം ഡോക്ടർമാരും ലക്ഷണക്കണക്കിന് ആളുകളും മരിച്ചെന്ന ബാബാം രാംദേവിന്റെ വീഡിയോക്കെതിരെയാണ് ഐ എം എ രംഗത്തെത്തിയത്.
അതേസമയം രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.
ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു.
അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നല്കിയ റംഡിസീവർ, ഫവിഫ്ലൂ തുടങ്ങിയ മരുന്നുകൾ പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്.
പരാമർശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹർഷവർധൻ ആവശ്യപ്പെട്ടിരുന്നു അലോപ്പതി മരുന്നുകൾ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോർത്തുന്ന പ്രസ്താവന പിൻവലിക്കണമെന്ന് രാംദേവിനു നല്കിയ കത്തിൽ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ രാംദേവ് പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ തണുക്കാതെയാണ് ഐഎംഎ ഘടകത്തിന്റെ പുതിയ നീക്കം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam