അരുണാചല്‍ എംഎല്‍എയ്ക്കെതിരെ വംശീയ അധിക്ഷേപം; യുട്യൂബര്‍ അറസ്റ്റില്‍

By Web TeamFirst Published May 26, 2021, 6:54 PM IST
Highlights

ഞായറാഴ്ച പുറത്തുവിട്ട വീഡിയോയിലാണ് കോണ്‍ഗ്രസ് എംഎല്‍എയായ നിനോംഗ് എറിംഗ് ഇന്ത്യക്കാരനല്ലെന്നും അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഈ വീഡിയോ വൈറലാവുകയും നിരവധിപ്പേര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തതോടെ തിങ്കളാഴ്ച ഇയാള്‍ ക്ഷമാപണം നടത്തിയിരുന്നു.

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എംഎല്‍എയ്ക്കെതിരെ വംശീയ അധിക്ഷേപത്തോടെ പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍. പഞ്ചാബില്‍ നിന്നുള്ള പ്രമുഖ യുട്യൂബറാണ് അറസ്റ്റിലായത്. അരുണാചല്‍ പ്രദേശ് എംഎല്‍എ നിനോംഗ് എറിംഗിനേക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് പരാസ് സിംഗ് എന്ന യുവാവ് അറസ്റ്റിലായത്. സമൂഹത്തില്‍ വിദ്വേഷം പരത്താനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആളുകളേക്കുറിച്ച് തെറ്റിധാരണ പടര്‍ത്തുക എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

തിങ്കളാഴ്ച മുതല്‍ ഒളിവിലായിരുന്ന ഇയാളെ ലുധിയാന പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ സംസ്ഥാനത്തേക്ക് കൊണ്ടുവരാനായി മൂന്നംഗ പ്രത്യേക അന്വേഷണ സംഘം ലുധിയാനയിലേക്ക് പുറപ്പെട്ടതായാണ് വിവിരം. 25കാരനായ പരാസ് സിംഗിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ ലഭിക്കാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി. പരാസ് ഒഫീഷ്യല്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു ഇയാളുടെ പരാമര്‍ശം. ഞായറാഴ്ച പുറത്തുവിട്ട വീഡിയോയിലാണ് കോണ്‍ഗ്രസ് എംഎല്‍എയായ നിനോംഗ് എറിംഗ് ഇന്ത്യക്കാരനല്ലെന്നും അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.

ഈ വീഡിയോ വൈറലാവുകയും നിരവധിപ്പേര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തതോടെ തിങ്കളാഴ്ച ഇയാള്‍ ക്ഷമാപണം നടത്തിയിരുന്നു. അരുണാചല്‍ പ്രദേശിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ കമന്‍റുകള്‍ നടത്തരുതെന്നും പൊലീസ് വിശദമാക്കി. ഇയാള്‍ അറസ്റ്റിലായ വിവരം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. 

 

Punjab Police searched & taken Paras Singh under custody. Arunachal Pradesh Police team is reaching Punjab. I've spoken to Police Commisioner of Ludhiana for urgent Judicial process for transit remand as it's inter-state arrest so that he can be brought to Arunachal Pradesh. https://t.co/jm3WFAeVBL

— Kiren Rijiju (@KirenRijiju)


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!