തരിഗാമിക്കൊപ്പം സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറില്‍ തങ്ങും

By Web TeamFirst Published Aug 29, 2019, 6:11 PM IST
Highlights

ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറില്‍ എത്തിയത്. 
 

ശ്രീനഗര്‍: സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ട സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറിൽ തങ്ങും. ഒരു ദിവസം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം തങ്ങണമെന്ന ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറില്‍ എത്തിയത്. 

ഗുപ്കർ റോഡിലെ വീട്ടിലാണ് തരിഗാമി കരുതൽ തടങ്കലിൽ കഴിയുന്നതെന്നാണ് മാധ്യമറിപ്പോർട്ട്. ഇന്ന് തരിഗാമിക്കൊപ്പം തങ്ങാൻ അനുവദിക്കണം എന്ന് യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. യെച്ചൂരി എപ്പോൾ മടങ്ങും എന്ന സൂചന പാർട്ടി ആസ്ഥാനത്ത് കിട്ടിയിട്ടില്ല. മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികൾ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിർദ്ദേശിച്ചിരുന്നു. ഇതിനിടെ 370ആം അനുച്ഛേദം പിൻവലിച്ച ശേഷം ആദ്യമായി ലഡാക്കിലെത്തിയ പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമാണ് പാകിസ്ഥാനുമായി ചർച്ചയെന്ന നിലപാട് ആവർത്തിച്ചു.
 

click me!