
ദില്ലി: അയോധ്യാ കേസിലെ വിധിദിവസം ജയ് ശ്രീരാം വിളി മുഴങ്ങിയ സുപ്രീംകോടതി വളപ്പ് ഇന്ന് രാവിലെ മുതൽ നാമജപത്താൽ മുഖരിതമായിരുന്നു. കോടതി ഉത്തരവ് വന്നതോടെ നാമ ജപം ഉച്ചത്തിലായി. ഹര്‍ജികളില്‍ സുപ്രീംകോടതി എന്ത് തീരുമാനമെടുക്കുമെന്ന പിരിമുറുക്കമുണ്ടായിരുന്നു രാവിലെ മുതല്‍ കോടതി പരിസരത്ത്.
അയോധ്യാ വിധിദിവസത്തെപ്പോലെ അധികസുരക്ഷ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ വസതിയ്ക്ക് ഇന്ന് ഉണ്ടായിരുന്നില്ല . പത്തുമണിയോടെ അഞ്ചാം നമ്പര്‍ വീടിന്‍റെ ഗേറ്റ് തുറന്ന് ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലേക്കെത്തി.
ഹര്‍ജിക്കാരും ഹിന്ദു സംഘടനാ പ്രതിനിധികളും നേരത്തെയെത്തിയിരുന്നു. പത്തരയോടെ ചീഫ് ജസ്റ്റിസും ഭരണഘടനാ ബഞ്ചിലെ മറ്റംഗങ്ങളും ഒന്നാം നമ്പര്‍ കോടതിയിലേക്ക് എത്തി. തുടര്‍ന്ന് വിധി പ്രസ്താവം തുടങ്ങി. അഞ്ച് മിനിറ്റിനകം തീർക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. വിശാല ബെഞ്ചിന് വിടാനുള്ള മൂന്ന് അംഗങ്ങളുടെ ഉത്തരവ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് വായിച്ചത്. പിന്നാലെ വിയോജന ഉത്തരവ് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ വായിച്ചു.
തൊട്ടുപിന്നാലെ കോടതിവളപ്പില്‍ ഹര്‍ജിക്കാരുടെ ആഹ്ളാദം,നാമജപം. വിശ്വാസികളുടെ വിജയമാണിതെന്നും അന്തിമ ഉത്തരവ് വരെ യുവതീപ്രവേശം അനുവദിക്കരുതെന്നും സര്‍ക്കാരിനോട് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam