കശ്മീരിലെ സ്ഥിതി വളരെ മോശം, അഭിപ്രായ സ്വാതന്ത്ര്യമില്ല: ഗുലാം നബി ആസാദ്

By Web TeamFirst Published Sep 24, 2019, 7:04 PM IST
Highlights

കശ്മീരിലെ സ്ഥിതിഗതികളെ സംബന്ധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ച് ദില്ലിയിലെത്തിയതിന് ശേഷമേ തീരുമാനിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി: കശ്മീരിലെ സ്ഥിതി വളരെ മോശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ഗുലാം നബി ആസാദ്. സുപ്രീം കോടതിയുടെ അനുമതിയെ തുടര്‍ന്ന് ആറു ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു ശ്രീനഗറില്‍ ഗുലാം നബി ആസാദിന്‍റെ പ്രതികരണം. എനിക്കിപ്പോള്‍ മാധ്യമങ്ങളോട് അധികമൊന്നും പറയാന്‍ കഴിയില്ല. നാല് ദിവസം കശ്മീരിലും രണ്ട് ദിവസം ജമ്മുവിലും താമസിച്ചു. ആറ് ദിവസത്തെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറയും. ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ പോകാന്‍ ഉദ്ദേശിച്ച 10 ശതമാനം സ്ഥലങ്ങളില്‍ മാത്രമാണ് ഭരണകൂടം അനുമതി നല്‍കിയത്. ജമ്മു കശ്മീരില്‍ അഭിപ്രായ സ്വാതന്ത്ര്യം വിലക്കിയിരിക്കുകയാണ്. കശ്മീരിലെ സ്ഥിതിഗതികളെ സംബന്ധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ച് ദില്ലിയിലെത്തിയതിന് ശേഷമേ തീരുമാനിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ ഭരണകൂടം വിലക്കിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുടെ അനുമതിയോടെയാണ് മുന്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്.

click me!