
ദില്ലി: ശരദ്പവാറിനെ യുപിഎ അദ്ധ്യക്ഷനാക്കണമെന്ന നിർദ്ദേശത്തോട് യോജിക്കാതെ കോൺഗ്രസ് നേതൃത്വം. ബിജെപിയെ സഹായിക്കാനേ ഇത്തരം ചർച്ചകൾ ഇടയാക്കൂ എന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. രാഹുൽ ഗാന്ധിയെ ആരും ഗൗരവത്തോടെ കാണുന്നില്ലെന്ന ശിവസേന പരാമർശത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്.
കർഷകസമരം ശക്തമാകുമ്പോഴും പ്രതിപക്ഷത്ത് വലിയ ഐക്യമില്ല. രാഹുൽ ഗാന്ധി ചില സമരങ്ങൾ നടത്തി. എന്നാൽ കൃഷിമന്ത്രി പോലും രാഹുൽ ഗാന്ധിയെ ഗൗരവത്തോടെ കാണുന്നില്ല. പ്രതിപക്ഷ നിരയെ നയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം ദുർബലമാണ്. ശരദ് പവാറിന് സ്വതന്ത്ര നിലപാടുണ്ട്. രാഷ്ട്രീയത്തിന് അതീതമായ അംഗീകാരമുണ്ട്. ഇതാണ് ശിവസനേ മുഖപത്രമായ സാമ്ന മുന്നോട്ടു വയ്ക്കുന്ന നിലപാട്.
മഹാരാഷ്ട്രയിൽ കോൺഗ്രസിനൊപ്പം അധികാരത്തിൽ ഇരിക്കുമ്പോഴാണ് ശിവസേന ഇങ്ങനെ തുറന്നടിച്ചത്. മമത ബാനർജി, നവീൻ പട്നായിക്ക്, പ്രകാശ് സിംഗ് ബാദൽ, എച്ച് ഡി കുമാരസ്വാമി, അഖിലേഷ് യാദവ്, മായാവതി, ചന്ദ്രശേഖർ റാവു തുടങ്ങി എല്ലാവരെയും ഒന്നിച്ചു കൊണ്ടുവരാൻ പവാറിന് കഴിയുമെന്നും ശിവസേന വാദിക്കുന്നു.
കോൺഗ്രസിലെ ഒരു വിഭാഗമാണ് പവാർ യുപിഎ അദ്ധ്യക്ഷനാകണം എന്ന പ്രചാരണത്തിന് പിന്നിലെന്ന് പാർട്ടി ഉന്നതനേതൃത്വം നേരത്തെ സൂചന
നൽകിയിരുന്നു. രാഹുൽ ഗാന്ധിയെ ഇടിച്ചു താഴ്ത്താനുള്ള ശിവസേനയുടെ ഈ ശ്രമത്തിലും ആസൂത്രിത നീക്കം പാർട്ടി കാണുന്നു. കോൺഗ്രസിൽ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് തുടക്കമാകുമ്പോഴുള്ള ഇത്തരം നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടതില്ല എന്ന് തന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനം.
ശിവസേനയുടെ ആവശ്യത്തോട് കോൺഗ്രസ് ഒദ്യോഗികമായി പ്രതികരിച്ചില്ല. നാളെ സ്ഥാപകദിനം ആഘോഷിക്കുന്ന കോൺഗ്രസിന് നല്ല സൂചനയല്ല സഖ്യകക്ഷികളുടെ ഈ നീക്കങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam