കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് 6 നേതാക്കൾ പരി​ഗണനയിൽ; തീരുമാനം അടുത്തയാഴ്ച

By Web TeamFirst Published Jul 6, 2019, 1:12 PM IST
Highlights

ജ്യോതിരാദിത്യ സിന്ധ്യയോ, സച്ചിൻ പൈലറ്റോ അദ്ധ്യക്ഷനാകണം എന്നാണ് അമരീന്ദർ സിംഗിൻറെ നിർദ്ദേശം

ദില്ലി: കോൺഗ്രസിന്‍റെ പുതിയ അദ്ധ്യക്ഷനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെ തർക്കം മുറുകുന്നു. യുവഅദ്ധ്യക്ഷൻ വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പരസ്യമായി ആവശ്യപ്പെട്ടു. നാലു സംസ്ഥാനങ്ങളിലെ ആറു നേതാക്കളാണ് അന്തിമ പരിഗണനയിലെന്ന് ഉന്നത കോൺഗ്രസ് നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം അദ്ദേഹം രാജിക്കത്ത് പുറത്തു വിട്ടതോടെ മറ്റൊരു തലത്തിലേക്കാണ് വഴി മാറുന്നത്. രാഹുല്‍ ഗാന്ധിക്ക് പകരം പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. രാജി തീരുമാനം പുനപരിശോധിക്കില്ലെന്ന് നേതാക്കളെ രാഹുല്‍ ഗാന്ധി വീണ്ടും അറിയിച്ചു. സമവായത്തിലെത്താനുള്ള ചര്‍ച്ചകളും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയൊരു അധ്യക്ഷന്‍ എന്ന സാധ്യതയിലേക്ക് നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ആറ് നേതാക്കളിലേക്കാണ് അവസാനം ചർച്ച ചുരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. മല്ലികാർജ്ജുന ഖർ‍ഗെ, സുശീൽകുമാർ ഷിൻഡെ, മുകുൾ വാസ്നിക്. അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പരിഗണനയിൽ. ഹിമാചലിൽ നിന്നുള്ള ആനന്ദ് ശർമ്മ അധ്യക്ഷസ്ഥാനത്തിനായി ശക്തമായി രംഗത്തിറങ്ങിയെങ്കിലും അദ്ദേഹത്തിന് സീനിയര്‍ നേതാക്കളുടെ പിന്തുണ കിട്ടിയില്ല.

അഹമ്മദ് പട്ടേലിൻറെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ക്ക് മല്ലികാര്‍ജുന ഖർഗെ, മുകുൾ വാസ്നിക്, സുശീല്‍ കുമാര്‍ ഷിൻഡെ തുടങ്ങിയവരെയാണ് താല്പര്യം. എന്നാൽ യുവനേതാക്കൾക്കായി വാദിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്തു വന്നത് പാർട്ടിയിലെ തർക്കം വെളിപ്പെടുത്തി. അമരീന്ദറിന്‍റെ നിലപാടിന് കൂടുതല്‍ പിന്തുണ കിട്ടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവും. ജ്യോതിരാദിത്യ സിന്ധ്യയോ, സച്ചിൻ പൈലറ്റോ അദ്ധ്യക്ഷനാകണം എന്നാണ് അമരീന്ദർ സിംഗിൻറെ നിർദ്ദേശം.

രാഹുലിൻറെ അതൃപ്തി പട്ടേൽ ഉൾപ്പടെ ചില മുതിർന്ന നേതാക്കൾക്കെതിരെയായിരുന്നു എന്ന സൂചനയുണ്ട്. അതേ നേതാക്കൾ തന്നെ പുതിയ അദ്ധ്യക്ഷനെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നാണ് മറുവിഭാഗത്തിൻറെ പരാതി. പാർട്ടിക്ക് സംഘടനാ ശേഷിയുള്ള എന്നാൽ ഇപ്പോൾ ക്ഷീണമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഒരാൾ വരണം എന്ന ധാരണയാണ് അവസാനം ഉണ്ടായത്. ഒരു പേരിലേക്കെത്തിയ ശേഷമേ പ്രവർത്തകസമിതിയുടെ തീയതി തീരുമാനിക്കൂ. അടുത്തയാഴ്ച തന്നെ യോഗം ഉണ്ടാകും എന്നാണ് ഉന്നത നേതാക്കൾ വ്യക്തമാക്കുന്നത്.

click me!