ഉന്നാവിലെ പെൺകുട്ടികളുടെ ദുരൂഹമരണം: ആറ് പൊലീസ് സംഘങ്ങൾ അന്വേഷണത്തിന്, മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില ഗുരുതരം

By Web TeamFirst Published Feb 18, 2021, 12:24 PM IST
Highlights

ഇന്നലെയാണ് ഗോതമ്പ് പാടത്ത് പതിനാറും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ വിഷം കൊടുത്ത് കൊന്നതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്താന്‍ ആറ് സംഘത്തെ നിയോഗിച്ചു. സ്ഥലത്ത് പൊലീസ് നായയെ ഉപയോഗിച്ചും തെരച്ചില്‍ നടത്തും. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശ കണ്ടെത്തിയെന്നും സംഭവസ്ഥലത്ത് നുരയും പതയും ഉണ്ടായിരുന്നുവെന്നും ഉന്നാവ് എസ് പി ആനന്ദ് കുല്‍ക്കര്‍ണി പറ‌ഞ്ഞു.

കൈകൾ ബന്ധിച്ചിരുന്നില്ല എന്നാണ് ആശുപത്രിയിൽ ഉള്ള പെൺകുട്ടി അമ്മ വഴി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നതെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ വിഷം കൊടുത്ത് കൊന്നതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് ഗോതമ്പ് പാടത്ത് പതിനാറും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുവിന് പുല്ല് പറിയ്ക്കാൻ ഉച്ചയോടെ പാടത്തേക്ക് പോയ മൂന്ന് പെൺകുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
 

click me!