'രഞ്ജൻ ഗൊഗോയ്ക്ക് എതിരായ പീഡനക്കേസ് ഗൂഢാലോചനയാകാം'; സുപ്രീംകോടതി സമിതി, കേസ് അവസാനിപ്പിച്ചു

By Web TeamFirst Published Feb 18, 2021, 11:42 AM IST
Highlights

രണ്ട് വർഷം മുമ്പുള്ള പരാതി ആയതിനാൽ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.

ദില്ലി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. അസം എൻ.ആര്‍.സി വിഷയത്തിൽ എടുത്ത കടുത്ത നിലാപാടാകം ഇതിന് കാരണമെന്ന ഐബി റിപ്പോര്‍ട്ട് കിട്ടിയതായും സമിതി. അന്വേഷണ റിപ്പോര്‍ട്ടുകൾ സീൽ കവറിൽ സൂക്ഷിക്കാൻ തീരുമാനിച്ച സുപ്രീംകോടതി കേസിലെ തുടര്‍ നടപടികൾ അവസാനിച്ചു.

സുപ്രീംകോടതിയിലെ ഒരു ജീവനക്കാരി ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ആരോപണത്തിൽ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഉത്സവ് ബെയിൻസ് നൽകിയ പരാതിയിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തിരുന്നു. പരാതി അന്വേഷിച്ച റിട്ട. ജസ്റ്റിസ് എ കെ പട്നായിക് സമിതിയാണ് ഗൂഢാലോചന സാധ്യത തള്ളാതെയുള്ള റിപ്പോര്‍ട്ട് നൽകിയത്. പൗരത്വ രജിസ്റ്റര്‍ വിഷയത്തിൽ ജസ്റ്റിസ് ഗൊഗോയി എടുത്ത കടുത്ത നിലപാടാകാം ഗൂഢാലോചനക്ക് കാരണമെന്ന് 2019 ജൂലായ് 5ന് അന്നത്തെ ഐ ബി മേധാവി അയച്ച കത്തും റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെ‍ഞ്ച് ഗൂഢാലോചന അന്വേഷിക്കണം എന്ന പരാതി ഇപ്പോൾ കാലഹരണപ്പെട്ടുവെന്ന് വ്യക്തമാക്കി. അതിനാൽ തുടരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും ഉത്തരവിട്ടു. ‌‌

അന്വേഷണത്തിന് ഉത്തരവിട്ട് ഒരു വര്‍ഷത്തിനും ഒമ്പത് മാസത്തിനും ശേഷമാണ് ഇന്ന് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ഗൊഗോയിക്കെതിരെ യുവതി നൽകിയ പരാതി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ ആഭ്യന്തര സമിതിയാണ് ആദ്യം അന്വേഷിച്ചത്. ആ അന്വേഷണത്തിലും ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. രണ്ട് അന്വേഷണ റിപ്പോര്‍ട്ടും പരസ്യപ്പെടുത്തേണ്ടെന്നാണ് സുപ്രീംകോടതി തീരുമാനം. റിപ്പോര്‍ട്ടുകൾ സീൽകവറിൽ സൂക്ഷിക്കും.

click me!