ദുബെയെപ്പോലുള്ള ഗുണ്ടകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; പൊലീസിൽ ചേരാനൊരുങ്ങി കൊല്ലപ്പെട്ട ഡിഎസ്പിയുടെ മകൾ

By Web TeamFirst Published Jul 7, 2020, 10:34 AM IST
Highlights

തന്റെ പിതാവിനെപ്പോലെ ഒരു പോലീസ് ഉദ്യോഗസ്ഥയാകാനും ദുബെയെപ്പോലുള്ള കുറ്റവാളികളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് വൈഷ്ണവി മിശ്ര പറഞ്ഞു. 

കാണ്‍പൂർ: പൊലീസിൽ ചേരാനൊരുങ്ങി കാൺപൂരിൽ കൊല്ലപ്പെട്ട ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മകൾ വൈഷ്ണവി മിശ്ര. ഡോക്ടറാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചാണ് പിതാവിന്റെ മരണത്തിന് കാരണക്കാരനായ വികാസ് ദുബെയെപ്പോലുള്ള ഗുണ്ടാസംഘങ്ങളെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരാൻ വൈഷ്ണവി പൊലീസിൽ ചേരാനൊരുങ്ങുന്നത്.

കാൺപൂരിൽ വികാസ് ദുബെ എന്ന ഗ്യാങ്സ്റ്ററിനെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട പൊലീസ് ദൗത്യസംഘത്തിന് നേരെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ദേവേന്ദ്ര മിശ്ര ഉൾപ്പടെ എട്ടുപോലീസുകാർ കൊല്ലപ്പെട്ടിരുന്നു. തന്റെ പിതാവിനെപ്പോലെ ഒരു പോലീസ് ഉദ്യോഗസ്ഥയാകാനും ദുബെയെപ്പോലുള്ള കുറ്റവാളികളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് വൈഷ്ണവി മിശ്ര പറഞ്ഞു. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കണമെന്നും വൈഷ്ണവി ആവശ്യപ്പെട്ടു.

"എന്റെ അച്ഛൻ ഒരു രക്തസാക്ഷിയാണ്. തന്റെ 100 ശതമാനം പ്രവർത്തനവും അദ്ദേഹം രാജ്യത്തിന് വേണ്ടി നൽകി. ഇക്കാരണത്താലാണ് അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ദീർഘകാലമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന വികാസ് ദുബെയെപ്പോലുള്ള ഒരു കുറ്റവാളി തുറന്നുകാട്ടപ്പെടുന്നത്" വൈഷ്ണവി പറഞ്ഞു.

click me!