
ദില്ലി: കഴിഞ്ഞ ദിവസം ഇൻ്റിഗോ വിമാനത്തിൽ സഹയാത്രികനെ മർദ്ദിച്ച യാത്രക്കാരനെതിരെ ഇന്റിഗോ വിമാനക്കമ്പനിയുടെ നടപടി. പ്രതിയെ ഇന്റിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ഇൻ്റിഗോ എയർലൈൻസ് ഔദ്യോഗിക എക്സ് ഹാൻ്റിൽ വഴി അറിയിച്ചു.
ദൂഷ്യമായ ഇത്തരം പെരുമാറ്റങ്ങൾ വിമാനങ്ങളിൽ ആവർത്തിക്കാതിരിക്കാനാണ് നടപടിയെന്നും കമ്പനി വിശദീകരിക്കുന്നു. യാത്രക്കാരുടെ സുരക്ഷയും സംതൃപ്തിയും തങ്ങൾക്ക് പരമപ്രധാനമാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
പാനിക് അറ്റാക്ക് നേരിട്ട അസം സ്വദേശിയായ ഹുസൈൻ അഹമദ് മസുംദാറാണ് മർദ്ദനത്തിനിരയായത്. അസമിലെ കച്ചർ ജില്ലാ സ്വദേശിയായ ഇദ്ദേഹത്തെ വിമാനമിറങ്ങിയ ശേഷം കാണാതായിരുന്നു. ഇദ്ദേഹത്തെ പിന്നീട് കൊൽക്കത്തയിൽ നിന്ന് 800 കിലോമീറ്റർ അകലെ അസമിലെ ബർപെട്ട റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തി. സിൽചറിലേക്കുള്ള യാത്രക്കിടെയാണ് സഹയാത്രികർ ഇദ്ദേഹത്തിൻ്റെ ചിത്രം പകർത്തിയത്.
മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ ഇന്റിഗോയുടെ 6E138 എയർബസ് എ321 ലാണ് സംഭവം നടന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുംബൈയിലെ ജിമ്മിലെ ജീവനക്കാരനായ ഹുസൈൻ അഹമദ് മസുംദാർ കചാർ ജില്ലയിലെ കതിഗോര ഗ്രാമത്തിലെ വീട്ടിലേക്ക് അവധിക്ക് വരികയായിരുന്നു. വിമാനത്തിനകത്ത് വച്ച് പാനിക് അറ്റാക് നേരിട്ട ഇദ്ദേഹം മരണഭയത്തോടെ വെപ്രാളപ്പെട്ട ഘട്ടത്തിലാണ് സഹയാത്രികനായ പ്രതി മുഖത്തടിച്ചത്. അപ്രതീക്ഷിതമായിരുന്നു ആക്രമണം. അതിനാൽ തന്നെ മസുംദാറിനൊപ്പമുണ്ടായിരുന്ന വിമാനത്തിലെ എയർഹോസ്റ്റസുമാർക്കും വിമാനത്തിലെ മറ്റ് യാത്രക്കാർക്കും ഇയാളെ തടയാനായില്ല. മർദ്ദനമേറ്റതിന് പിന്നാലെ പ്രതിയെ സഹയാത്രികർ ചോദ്യം ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്കും അവിടെ നിന്ന് സിൽചറിലേക്കും വിമാനത്തിൽ പോകാനായിരുന്നു ഹുസൈൻ അഹമദ് മസുംദാർ തീരുമാനിച്ചത്. ഇതിനായി രണ്ട് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൊൽക്കത്തയിൽ വിമാനമിറങ്ങിയ ശേഷം ഹുസൈൻ മസുംദാർ ട്രെയിൻ മാർഗം നാട്ടിലേക്ക് പോയെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.