
പലാമു (ജാർഖണ്ഡ്): ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് ഇൻസ്റ്റാഗ്രാം റീൽസുകൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച രണ്ട് യുവാക്കൾക്കെതിരെ കേസ് എടുത്തു. ചിത്രീകരിച്ച വീഡിയോകളിൽ ഒന്നിൽ, ഒരു യുവാവ് പൊലീസ് ലോക്കപ്പിൽ നിന്ന് നാടകീയമായ രീതിയിൽ പുറത്തുവരുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഈ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന്, ടോപ്-1 ഇൻ-ചാർജ്ജ് ഇന്ദ്രദേവ് പസ്വാന്‍റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു.
രോഹിത് പാണ്ഡെ (ഡെവിൾ പാണ്ഡെ), സൂരജ് കുമാർ എന്നിവരാണ് കേസിൽ പ്രതികളായ യുവാക്കൾ. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ റീൽസുകളിൽ ഉപയോഗിച്ചിട്ടുള്ള പശ്ചാത്തല സംഗീതം (ബാക്ക്ഗ്രൗണ്ട് ഓഡിയോ) അപകീർത്തികരമാണെന്നും മറ്റൊരു സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
രണ്ട് യുവാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം പിന്നീട് ഒരു പിആർ ബോണ്ടിൽ (പേഴ്‌സണൽ റെക്കഗ്നിസൻസ് ബോണ്ട്) വിട്ടയച്ചതായി സ്റ്റേഷൻ ഇൻ-ചാർജ്ജ് ജ്യോതിലാൽ രാജ്‌വാർ അറിയിച്ചു. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഓൺലൈനിൽ വൈറലാകാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. കഴിഞ്ഞ ദിവസം റെയിൽ പാളത്തിൽ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള യുവതീ യുവാക്കളുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. റെയിൽവേ പാലത്തിൻ്റെ അരികിലൂടെ നടന്ന് റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തൊട്ടരികിലൂടെ അതിവേഗം പാഞ്ഞുപോകുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ രൂപക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത് ഇത്രയും നിരുത്തരവാദിത്ത പരമായ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നുവെന്ന് ചിലര്‍ പറയുന്നു. സാമാന്യബുദ്ധി ഇല്ലാതായാൽ എന്തു ചെയ്യുമെന്നും, നമ്മുടെ രാജ്യം ലോകത്തിൽ ഒന്നാമതാകുന്നതിൽ നിന്ന് തടയുന്നത് ഇത്തരം സംസ്കാരമില്ലാത്ത ആളുകളാണെന്ന് എന്ന് മറ്റ് ആളുകളും കുറിക്കുന്നു. ഇത്തരം അപകടകരമായ രീതികൾ ഒഴിവാക്കാൻ കർശന ശിക്ഷകൾ ഏർപ്പെടുത്തണമെന്ന് പല ഉപയോക്താക്കളും ആവശ്യപ്പെട്ടു.