മഞ്ഞുമൂടിയ റോഡ്, ചെറിയ ചരക്ക് വാഹനം പിന്നിലേയ്ക്ക് തെന്നിപ്പാഞ്ഞ് താഴ്ചയിലേയ്ക്ക് മറിഞ്ഞു; അപകടം മണാലിയിൽ

Published : Dec 28, 2024, 04:14 PM IST
മഞ്ഞുമൂടിയ റോഡ്, ചെറിയ ചരക്ക് വാഹനം പിന്നിലേയ്ക്ക് തെന്നിപ്പാഞ്ഞ് താഴ്ചയിലേയ്ക്ക് മറിഞ്ഞു; അപകടം മണാലിയിൽ

Synopsis

മഞ്ഞുവീഴ്ച നേരിൽ കണ്ട് ആസ്വാദിക്കാനായി ആയിരക്കണക്കിന് ആളുകളാണ് ദിവസേന മണാലിയിലേയ്ക്ക് എത്തുന്നത്. 

മണാലി: കനത്ത മഞ്ഞുവീഴ്ച തുടരുന്ന ഹിമാചൽ പ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മണാലിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും മഞ്ഞുവീഴ്ച കാരണം കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. മഞ്ഞുമൂടിയ മലയോര പാതകളിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നിമാറി നിരവധി അപകടങ്ങളാണ് സമീപകാലത്ത് സംഭവിച്ചത്. അത്തരത്തിൽ വീണ്ടുമൊരു അപകടം നടന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 

മണാലിയിൽ മഞ്ഞുവീഴ്ചയുള്ള റോഡിലൂടെ ഒരു ചെറിയ ട്രക്ക് നിയന്ത്രണം നഷ്ടമായി പിന്നിലേയ്ക്ക് ഉരുളുകയും സോളാങ് താഴ്‌വരയിലേക്ക് തെന്നി വീഴുകയും ചെയ്തു. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഡ്രൈവർ ഉടൻ തന്നെ ചാടിയതിനാൽ വലിയ അപകടം ഒഴിവായി. ആദ്യം വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും ഡ്രൈവർക്ക് അതിന് സാധിച്ചില്ല. റോഡിൽ നിൽക്കാൻ പോലും സാധിക്കാതെ ഡ‍്രൈവറും തെന്നിപ്പോകുന്നത് ദൃശ്യങ്ങളിലുണ്ട്. നിമിഷങ്ങൾക്കകം തന്നെ വാഹനം താഴ്‌ചയിലേക്ക് വീണു.

ഈ മാസം ആദ്യം മണാലിൽ അടൽ ടണലിന് സമീപമുള്ള മഞ്ഞുമൂടിയ റോഡിൽ നിന്ന് മഹീന്ദ്ര ഥാർ തെന്നിമാറിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ഞുമൂടിയ റോഡിൽ നിന്ന് കാർ പിന്നിലേയ്ക്ക് തെന്നിമാറിയതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടി. ഇത് കാരണം വലിയ അപകടം ഒഴിവായി. ഈ ആഴ്‌ച മണാലിയിൽ കനത്ത മഞ്ഞുവീഴ്‌ചയുണ്ടായതിനാൽ സോളാങ്ങിനും അടൽ ടണലിനും ഇടയിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. കുളു പൊലീസ് അയ്യായിരത്തോളം വിനോദസഞ്ചാരികളെയാണ് രക്ഷപ്പെടുത്തിയത്. 

മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിൽ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 200-ലധികം റോഡുകൾ അടച്ചു. ഇതിൽ 123 എണ്ണം ഷിംലയിലും 36 എണ്ണം ലാഹൗളിലും സ്പിറ്റിയിലും 25 എണ്ണം കുളുവിലുമാണ്. കൂടാതെ, 170-ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായത് സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിച്ചു.

READ MORE: 'ശരിക്കും ഹീറോകളാണ് നിങ്ങൾ'; ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ യുവാക്കൾ ചെയ്തത്

PREV
Read more Articles on
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി