
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകർ തന്നെയെന്ന് ഉത്തർപ്രദേശ് ഡിജിപി ഒ പി സിങ്. ബിജെപി പ്രവർത്തകർക്കിടയിലെ പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിങ് പറഞ്ഞു. അഞ്ചുപേർ ചേർന്നാണ് കൊല നടത്തിയതെന്നും ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറയിച്ചു. മറ്റു രണ്ട് പേർ ഒളിവിലാണ്.
പ്രതികളിൽ ഒരാൾക്ക് അമേഠിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നു. എന്നാൽ ഇതിൽ സുരേന്ദ്ര സിങ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും ഈ പക വളർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് ഒ പി സിങ് പറഞ്ഞു.
അമേഠിയിലെ ഗൗരിഗഞ്ജിൽ ശനിയാഴ്ച രാത്രി 11.30-ഓടെയാണ് ബരോളിയ ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിംഗ് വെടിയേറ്റ് മരിച്ചത്. അന്ന് രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിങിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിങിനെ ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആചാരങ്ങള്‍ തെറ്റിച്ച് സ്മൃതി ഇറാനി സുരേന്ദ്ര സിങിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ശവമഞ്ചം ചുമക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. 2014-ലെ തെരഞ്ഞെടുപ്പ് മുതൽ സ്മൃതിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് സുരേന്ദ്ര. അതേസമയം കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആരോപിച്ച് സുരേന്ദ്ര സിങിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam