ലക്നൗ:  ഹത്രാസിൽ എത്തി യുവതിയുടെ കുടുംബത്തെ കാണാൻ രാഹുൽ ​ഗാന്ധിക്കും പ്രിയങ്ക ​ഗാന്ധിക്കും യുപി പൊലീസ് അനുമതി നൽകി. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം അഞ്ച് പേർക്ക് കൂടി ഹത്രാസ് ​ഗ്രാമത്തിലേക്ക് പോകാമെന്നും യുപി പൊലീസ് അറിയിച്ചിട്ടുണ്ട്.

ഒരു തരത്തിലുള്ള പ്രകോപനവും സൃഷ്ടിക്കരുതെന്നും അണികളെ യാത്രാമധ്യേ അഭിസംബോധന ചെയ്യരുതെന്നും രാഹുലിനോടും പ്രിയങ്കയോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധീരജ്ഞൻ ചൌധരി എന്നിവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്. 

മുപ്പതോളം എംപിമാരുമായി എത്തിയ രാഹുൽ ​ഗാന്ധിയെ ദില്ലി-നോയ്ഡ ഫ്ളൈ വേയ്ക്ക് സമീപം വച്ചാണ് യുപി പൊലീസ് തടഞ്ഞത്. പ്രിയങ്ക ഡ്രൈവ് ചെയ്ത കാറിലാണ് രാഹുൽ ദില്ലിയിൽ നിന്നും നോയ്ഡ് ഫ്ളൈവേയിലേക്ക് എത്തിയത്. ഹത്രാസ് ​ഗ്രാമത്തിലേക്ക് കടത്തി വിടുന്ന കാര്യത്തിൽ യുപി പൊലീസും കോൺ​ഗ്രസ് നേതാക്കളും തമ്മിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. എംപിമാരുടെ സംഘം രാഹുലിനൊപ്പം ബസിലാണ് എത്തിയത്. 

രാഹുലിനേയും പ്രിയങ്കയേയും ടോൾപ്ലാസയിലൂടെ നടത്തി കൊണ്ടു പോയി മറ്റൊരു വാഹനത്തിലാണ് യുപി പൊലീസ് കടത്തി വിട്ടത്. ഏഴ് പേരെ മാത്രം കടത്തി വിടണമെന്ന പൊലീസ് നിർദേശത്തിൽ ക്ഷുഭിതരായ കോണ്ഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞതോടെ സ്ഥലത്ത് പൊലീസും കോണ്ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ടോൾ പ്ലാസ് കടന്ന് അപ്പുറത്ത് എത്താൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ലാത്തി വീശി ഓടിച്ചു. 

അതേസമയം ഉത്ത‍ർപ്രദേശിലെ ഹത്രാസിൽ യുവതി കൊലപ്പെട്ട സംഭവം കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ഉത്ത‍ർപ്രദേശ് പൊലീസ് മേധാവി. കേസ് കൈകാര്യം ചെയ്തതിൽ ഹത്രാസിലെ പ്രാദേശിക പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഉത്ത‍ർ പ്രദേശ് ഡിജിപി പറഞ്ഞു. 

ഹൈക്കോടതിയുടെ നിലപാട് കൂടി പരിഗണിച്ചാണ് വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുത്തതെന്നും യു.പി ഡിജിപി എച്ച്.സി.അവസ്തി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിൻറെ അന്തിമ റിപ്പോർട്ട് നാളെ കിട്ടുമെന്നും റിപ്പോ‍ർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപ്പെട്ട പെൺകുട്ടിയുടെ പിതാവുമായി യുപി അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ച‍ർച്ചകൾക്ക് ശേഷം സംസാരിക്കുയായിരുന്നു എച്ച്.സി.അവസ്തി.