
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതില്‍ കെട്ടി മറയ്ക്കുന്നതിനെതിരെ സമരത്തിനൊരുങ്ങി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക. തിരുവനന്തപുരം സ്വദേശിയായ അശ്വതി ജ്വാലയാണ് മതിലുകെട്ടി ചേരി നിവാസികളെ മറയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി അഹമ്മദാബാദിലെത്തിയത്. മതിൽ നിർമ്മാണം നടക്കുന്ന അഹമ്മദാബാദ് സർദാർ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡിൽ അശ്വതി നിരാഹാര സമരം ആരംഭിച്ചു.
'കാണുന്നതും കേൾക്കുന്നതുമായ അനുഭവങ്ങൾ കരളലിയിക്കുന്നതാണ്. ഇവ മനസ്സിൽ ഏൽപ്പിക്കുന്ന പൊള്ളൽ ഈ വിഷയത്തിൽ സമരമുഖത്തേയ്ക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. ഇതിൻന്‍റെ ഭാഗമായി മതിൽ നിർമ്മാണം നടക്കുന്ന അഹമ്മദാബാദ് സർദാർ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡിൽ ഇന്നു മുതൽ പ്രതിഷേധ സൂചകമായി നിരാഹാര സമരം ആരംഭിക്കുകയാണ്- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.
"ഇത് കൊണ്ട് ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് കിട്ടുമോ ചേച്ചീ...??" നിങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ തയ്യാർ എന്ന് വാഗ്ദാനം ചെയ്തപ്പോൾ ഇവിടത്തെ ഒരു കൊച്ചു കുട്ടി ചോദിച്ചതാണ്''. ശ്രമിച്ചു നോക്കാം" എന്നൊരു മറുപടി കൊടുത്തിട്ടുണ്ട്. അതിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന തീരുമാനം മനസ്സിൽ എടുത്തിട്ടുമുണ്ട്- അശ്വതി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിൻറെ ഭാഗമായി അഹമ്മദാബാദിലെ ചേരികളിലെ കുറച്ച് മനുഷ്യരെ മതിൽ കെട്ടി മറയ്ക്കുന്നു എന്ന വാർത്ത ഒരു നടുക്കത്തോടെയാണ് കേട്ടത്. അടുത്ത വണ്ടിയ്ക്ക് ഇവിടെയെത്തി. കാണുന്നതും കേൾക്കുന്നതുമായ അനുഭവങ്ങൾ കരളലിയിക്കുന്നതാണ്. ഇവ മനസ്സിൽ ഏൽപ്പിക്കുന്ന പൊള്ളൽ ഈ വിഷയത്തിൽ സമരമുഖത്തേയ്ക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. ഇതിൻന്‍റെ ഭാഗമായി മതിൽ നിർമ്മാണം നടക്കുന്ന അഹമ്മദാബാദ് സർദാർ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡിൽ ഇന്നു മുതൽ പ്രതിഷേധ സൂചകമായി നിരാഹാര സമരം ആരംഭിക്കുകയാണ്.
ഒരു സർക്കാരിനും അതിഥികൾക്കും എതിരായല്ല ഈ സമരം. ഇതു പോലെ അതിഥികൾക്കു മുമ്പിൽ മറച്ചു പിടിക്കേണ്ട അംഗങ്ങൾ നമ്മുടെ കുടുംബത്തിൽ ഉണ്ടാകരുത്. പുഴുക്കളെപ്പോലെയാണ് ഈ മനുഷ്യർ ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. ഇവരെ ആർക്കു മുന്നിലും അഭിമാനത്തോടെ നിൽക്കാവുന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്. ആ ഭരണകൂടങ്ങൾ അതിൽ പുറകോട്ടു പോയാൽ അതിനെതിരെ ശബ്ദമുയർത്തേണ്ട ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ട്...
"ഇത് കൊണ്ട് ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് കിട്ടുമോ ചേച്ചീ...??" നിങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ തയ്യാർ എന്ന് വാഗ്ദാനം ചെയ്തപ്പോൾ ഇവിടത്തെ ഒരു കൊച്ചു കുട്ടി ചോദിച്ചതാണ്. "ശ്രമിച്ചു നോക്കാം" എന്നൊരു മറുപടി കൊടുത്തിട്ടുണ്ട്. അതിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന തീരുമാനം മനസ്സിൽ എടുത്തിട്ടുമുണ്ട്.
വന്ദേമാതരം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam