
ട്വിറ്ററിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ട്രെൻഡ് ചെയ്യുന്നത് '#ArrestLucknowGirl' എന്ന ഒരു ഹാഷ്ടാഗാണ്. കഴിഞ്ഞ ദിവസം ലഖ്‌നൗ നഗരത്തിലെ അവധ് ക്രോസ്സിങ്ങിൽ വെച്ച് ഒരു യുവതി, തന്റെ ദേഹത്ത് ഇടിക്കാൻ പോയി എന്നാക്ഷേപിച്ച് ഒരു ടാക്സി ഡ്രൈവറെ തുടർച്ചയായി കരണത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് ഇങ്ങനെ ഒരു ഹാഷ് ടാഗ് കൂടി ട്വിറ്ററിൽ ട്രെൻഡ് ചെയ്യാൻ തുടങ്ങിയത്.
Megh Updates എന്ന ട്വിറ്റർ ഹാൻഡിലിലൂടെ ആദ്യം അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോയിൽ ഒരു ട്രാഫിക് പോലീസുകാരൻ നോക്കി നിൽക്കെ ടാക്സി ഡ്രൈവർ ആയ യുവാവിനെ തുടർച്ചയായി കവിളിൽ അടിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ നമുക്ക് കാണാം.
ഈ സംഭവം കാരണം വലിയൊരു ഗതാഗതക്കുരുക്കും അവിടെ ഉണ്ടാവുന്നുണ്ട്. ഈ വീഡിയോ പുറത്തു വന്നതിനു പിന്നാലെ യുവതിയുടെ പെരുമാറ്റത്തെ വിമർശിച്ചു കൊണ്ട്, പലരും പ്രതികരണങ്ങളുമായി രംഗത്തു വരികയായിരുന്നു. വിശേഷിച്ചൊരു കാരണവും ബോധിപ്പിക്കാതെ കോളറിൽ പിടിച്ച് മർദ്ദിച്ച യുവതി കാബ് ഡ്രൈവറുടെ മൊബൈൽ ഫോണും നശിപ്പിച്ചതായി പരാതി ഉയർന്നിട്ടുണ്ട് എന്ന് Megh Updates ട്വീറ്റിൽ പറയുന്നുണ്ട്. വീഡിയോയിൽ തന്നെ സംഭവം കണ്ടു നിൽക്കുന്ന പലരുടെയും പ്രതികരണങ്ങളും കേൾക്കാം. യുവതി അപമര്യാദയായിട്ടാണ് പെരുമാറുന്നത് എന്നും, ഇങ്ങനെ പൊതുജനമധ്യത്തിൽ തുടർച്ചയായി അടിച്ചത് ഒരു യുവതിയെ ആയിരുന്നു എങ്കിൽ പ്രതികരണം വേറെ ആയിരുന്നേനെ എന്നും അവിടെ തടിച്ചു കൂടിയവർ പറയുന്നുണ്ട്.
യുവതിയോട് ശാന്തയാക്കാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട് എങ്കിലും അത് വകവെക്കാതെ യുവതി ഡ്രൈവറെ തുടർച്ചയായി മർദ്ദിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന മറ്റൊരു വ്യക്തിയെയും ഇതേ യുവതി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും, ഈ സംഭവത്തെ തുടർന്ന് പുറത്തുവന്ന മറ്റൊരു ട്വീറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.
'നിയമം കയ്യിലെടുക്കാൻ പാടില്ല' എന്ന് ഉപദേശിച്ച ശേഷം യുവതിയെ പറഞ്ഞയച്ച പൊലീസ് സംഭവത്തിൽ ടാക്സി ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം എന്നും, ലിംഗപരമായ വിവേചനങ്ങൾ കൂടാതെ നീതി നടപ്പിലാക്കപ്പെടണം എന്നുമാണ് ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന പ്രതികരണങ്ങൾ ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam