
കൊൽക്കത്ത: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്ക് നേരെ സൈബർ ആക്രമണം. യുദ്ധം വേണ്ടെന്ന നിലപാടെടുത്തതിന്റെ പേരിലാണ് സിആർപിഎഫ് ജവാൻ ബാബ്ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്രക്കെതിരെ സൈബർ അക്രമണം നടക്കുന്നത്.
മിത ഭർത്താവിനെയല്ല മറിച്ച് മറ്റാരയോ ആണ് സ്നേഹിച്ചതെന്നാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്. ഭർത്താവിന്റെ മരണത്തിൽ പ്രതികാരം ചെയ്യാനുള്ള കടമ അവർക്കുണ്ടെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
അതേസമയം, സൈബർ ആക്രമണത്തിനെതിരെ മിത തന്നെ രംഗത്തെത്തി.’സാമൂഹ്യ ധ്യമങ്ങൾ നോക്കാനുള്ള അവസ്ഥയിലല്ല ഞാൻ ഇപ്പോൾ. പക്ഷേ യുദ്ധത്തെ കുറിച്ച് പറഞ്ഞ കാര്യത്തിൽ ഞാൻ ഉറച്ചു തന്നെ നിൽക്കുന്നു. ഓരോരുത്തർക്കും അവരുടെതായിട്ടുള്ള അഭിപ്രായങ്ങൾ ഉണ്ടായിരിക്കും. അത് ഒരു വ്യക്തിക്കുള്ള അഭിപ്രായ സ്വാന്ത്ര്യമാണ്. അതിൽ നിന്നും മാറി നൽക്കുന്നയാളല്ല ഞാൻ’- മിത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
യുദ്ധത്തിനെതിരായി നിലപാടെടുത്തതിന് കാരണം എന്താണെന്ന് ചോദിച്ചപ്പോൾ, ’ഓരോ പട്ടാളക്കാരന്റെയും മരണം അവരുടെ കുടുംബത്തെ വല്ലാതെ തളർത്തും. ഒരു അധ്യാപിക എന്ന നിലയിലും പൂർവ്വ ഹിസ്റ്ററി വിദ്യാർഥിനി എന്ന നിലയിലും യുദ്ധത്തെ പൂർണ്ണമായും തുടച്ചു നീക്കാൻ സാധിക്കില്ലെന്ന് എനിക്കറിയാം. ഒരു ഭാര്യയ്ക്ക് അവരുടെ ഭര്‍ത്താവിനെ, അമ്മയ്ക്ക് മകനെ, മകള്‍ക്ക് അച്ഛനെ എന്നിങ്ങനെയാണ് യുദ്ധ ഭൂമിയിൽ നഷ്ടമാകുന്നതെന്നായിരുന്നു മിതയുടെ മറുപടി.
’നഷ്ടബോധത്തിന്റെ കഥകൾ ഞാൻ വായിക്കുകയും അത് രുചിച്ചറിയുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു വ്യക്തിക്ക് മാത്രമുള്ള നഷ്ടമല്ലത്. രാജ്യവും അതിൽ പങ്കുകൊള്ളുന്നുണ്ട്. യുദ്ധം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സാമൂഹ്യ വികസനത്തെയും ദോഷകരമായി ബാധിക്കും.’- മിത പറഞ്ഞു.
തന്റെ നിലപാടിനെതിരെ പ്രതികരിച്ചവർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മിത കൂട്ടിച്ചേർത്തു.’നമ്മുടെ സൈന്യത്തിന്റെ ധൈര്യത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. ചൊവ്വാഴ്ച അവർ ചെയ്തത് അങ്ങേയറ്റം അഭിനന്ദനാർഹമായ കാര്യമാണ്. ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കാതെ തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഐഎഎഫ് സ്വീകരിച്ച വഴിയോട് പൂര്‍ണമായും യോജിക്കുന്നു. ഞാൻ എതിർത്തത് യുദ്ധത്തെയാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശത്രുക്കളാണ് തീവ്രവാദികള്‍. ആ തീവ്രവാദത്തിന്റെ ഇരയാണ് എന്റെ ഭർത്താവ്.’- മിത വ്യക്തമാക്കി.
അതേസമയം മിതക്ക് പിന്തുണയുമായി നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. മിതയ്ക്കല്ലാതെ ഒരു രക്തസാക്ഷിയുടെ ഭാര്യയുടെ വേദന മറ്റാര്‍ക്കുമറിയില്ലെന്നാണ് ഇവരുടെ പ്രതികരണം. ബംഗാളിലെ ഹൗറ സ്വദേശിനിയായ മിത ഇംഗ്ലീഷ് അധ്യാപികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam