
ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാർക്ക് യാത്രക്കാരന്റെ മർദനം. സൈനികനായ യാത്രക്കാരനാണ് എയർപോർട്ടിൽ ഉണ്ടായിരുന്ന സ്പൈസ്ജെറ്റ് ജീവനക്കാരെ മർദിച്ചത്. ബാഗേജിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരുടെ മുഖത്തിനും നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂലൈ 26ന് ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം. ശ്രീനഗറിൽ നിന്നും ദില്ലിയിലേക്ക് പോകാനെത്തിയതാണ് യാത്രക്കാരൻ. ക്യാബിൻ ബാഗേജ് അധികമായതിനാൽ പണം നൽകണമെന്ന് സൈനികനോട് ജീവനക്കാർ അറിയിച്ചു. എന്നാൽ, ബോർഡിങ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ എയ്റോ ബ്രിഡിജിലേക്ക് യാത്രക്കാരൻ കയറാൻ ശ്രമിച്ചു. ഇത് ജീവനക്കാർ തടഞ്ഞു. ഇതോടെ യാത്രക്കാരൻ പ്രകോപിതനാവുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സൈനികനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam