ഭർത്താവിനെ കൊന്ന് ഓടയിൽ തള്ളി; പൊലീസിന് തുമ്പ് കിട്ടിയത് ഒരു വർഷത്തിന് ശേഷം, ഭാര്യയും കാമുകനും പിടിയിൽ

Published : Aug 03, 2025, 01:15 PM IST
wife and boyfriend killed husband body dumped in drain

Synopsis

കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. കൊല്ലപ്പെട്ടയാൾ കുപ്രസിദ്ധ കുറ്റവാളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദില്ലി: യുവാവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ സംഭവത്തിൽ ഒരു വർഷത്തിന് ശേഷം ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. ദില്ലിയിലെ അലിപൂർ സ്വദേശിനി സോണിയ (34), സോനിപത് സ്വദേശി രോഹിത് (28) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 42കാരനായ പ്രീതം പ്രകാശ് ആണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട പ്രീതം പ്രകാശ് കുപ്രസിദ്ധ കുറ്റവാളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആയുധ നിയമം, മയക്കുമരുന്ന് - സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമം എന്നിവ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ 10-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ക്രൈം) ഹർഷ് ഇന്ദോറ പറഞ്ഞു.

2024 ജൂലൈ 5-ന് സോണിയയെ സഹോദരിയുടെ ഹരിയാനയിലെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു പ്രീതം. എന്നാൽ ഇരുവരും തമ്മിൽ വാഗ്വാദമുണ്ടായി. അന്ന് സോണിയ സഹോദരീ ഭർത്താവിന്‍റെ സഹോദരൻ വിജയ്ക്ക് 50,000 രൂപ നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പ്രീതം തിരികെ വന്നപ്പോൾ സോണിയ വീട്ടിൽ കയറാൻ അനുവദിച്ചു. അന്ന് രാത്രി വിജയ് പ്രീതത്തെ കൊലപ്പെടുത്തുകയും അഗൻപൂരിനടുത്തുള്ള ഒരു ഓടയിൽ മൃതദേഹം തള്ളുകയും ചെയ്തു. മൃതദേഹത്തിന്റെ വീഡിയോ വിജയ് സോഷ്യൽ മീഡിയയിൽ സോണിയക്ക് അയച്ചെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു.

ജൂലൈ 20-നാണ് ഭർത്താവിനെ കാണാനില്ലെന്ന് സോണിയ അലിപൂർ പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ നിന്ന് പുറത്തുപോയ ഭർത്താവ് പിന്നീട് തിരിച്ചുവന്നില്ലെന്നാണ് സോണിയ പറഞ്ഞത്. പൊലീസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇയാളുടെ ഫോണ്‍ നമ്പർ വീണ്ടും ഉപയോഗത്തിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഫോൺ സോനിപത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് സോണിയയുടെ കാമുകൻ രോഹിത് പിടിയിലായത്.

 ചോദ്യം ചെയ്തപ്പോൾ, രോഹിത് ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും ചേർന്നാണ് പ്രീതത്തെ കൊല്ലാൻ ഗൂഢാലോചന നടത്തിയതെന്ന് ഡിസിപി ഹർഷ് ഇന്ദോറ പൊലീസിനോട് പറഞ്ഞു. സോണിയ പ്രീതത്തെ കൊലപ്പെടുത്താൻ വിജയ്ക്ക് പണം നൽകിയെന്ന് രോഹിത് കുറ്റസമ്മതം നടത്തി. പ്രീതത്തിന്റെ ഓട്ടോറിക്ഷ പിന്നീട് 4.5 ലക്ഷം രൂപയ്ക്ക് സോണിയ വിറ്റു. ഇയാളുടെ മൊബൈൽ ഫോൺ രോഹിതിന് നൽകുകയും ചെയ്തു. അതിനിടെ ഹരിയാന പൊലീസ് തിരിച്ചറിയാനാവാത്ത വിധം അഴുകിയ മൃതദേഹം കണ്ടെത്തി. ഡിഎൻഎ പരിശോധനയിലൂടെ ഇത് പ്രീതത്തിന്‍റേതാണോയെന്ന് സ്ഥിരീകരിക്കും.

ഒളിവിലുള്ള വിജയിക്കായി തെരച്ചിൽ തുടരുകയാണെന്ന് ഡിസിപി ഇന്ദോറ പറഞ്ഞു. അതിനിടെ കഴിഞ്ഞ വർഷം വിവാഹിതനായ രോഹിത്, സോണിയയുമായുള്ള ബന്ധം തുടർന്നെന്ന് പൊലീസ് പറയുന്നു. പ്രീതത്തിനും സോണിയയ്ക്കും ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!