
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. പ്രസംഗം ഇംഗ്ലീഷില്‍ ആയതിനാലാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തെ ആഘോഷിക്കുന്നും പാശ്ചാത്യ മനോഭാവം മനസില്‍ സൂക്ഷിക്കുന്നതിനാലാണ് ഇതെന്നുമാണ് നിയമമന്ത്രിയുടെ വിമര്‍ശനം. നിരവധി അംഗങ്ങള്‍ വളരെ മനോഹരമായും സമര്‍ത്ഥമായും സഭയില്‍ പ്രസംഗിക്കാറുണ്ട് എന്നാല്‍ ചിലര്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നവരെ കൂടുതല്‍ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് കിരണ്‍ റിജിജു വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്. ഹിന്ദിയിലായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ എടുത്ത് പറഞ്ഞത്. ഇതാണ് നിയമന്ത്രിയെ ചൊടിപ്പിച്ചത്. രാജ്യത്തിന്‍റെ ആത്മാവ് പ്രതിഫലിപ്പിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗമെന്നായിരുന്നു ഇ ടി പറഞ്ഞത്. ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനും രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ പരമാമര്‍ശിച്ചാണ് സംസാരിച്ചത്. രാഹുലിന്‍റെ പ്രസംഗത്തിന് സമൂഹമാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ‘ഇപ്പോൾ രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും ഇന്ത്യ, ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയാണ് എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം രാഹുല്‍ ലോക്സഭയിലെ പ്രസംഗത്തിലുന്നയിച്ചത്.
അംബാനിയെയും അദാനിയെയും രാഹുൽ വിമര്‍ശിച്ചു. ഇരട്ട ‘എ’ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ‘പെഗസസ് വഴി രാജ്യത്തെ ജനങ്ങളെ മോദി അക്രമിക്കുന്നു. ചരിത്ര ബോധമില്ലാതെ സർക്കാർ തീ കൊണ്ട് കളിക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാനശിലയെ ആർഎസ്എസും ബിജെപിയും ദുർബലമാക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് അതിഥിയെ കിട്ടാത്ത വിധം ഇന്ത്യ ഒറ്റപ്പെട്ടു. ചൈനയെയും പാക്കിസ്ഥാനെയും ഒന്നിപ്പിച്ചുവെന്ന മഹാപരാധമാണ് മോദി സർക്കാർ ചെയ്തതെന്നും രാഹുൽ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന സങ്കല്പത്തിനെതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങളാകുന്നു എന്ന് രാഹുൽ പരാമര്‍ശിച്ചിരുന്നു ഇതിനെതിരെ കിരണ്‍ റിജിജും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് ബജറ്റ് സെഷനില്‍ പ്രസിഡന്റിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ചത്. തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഒരിക്കലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സഹോദരിക്കുള്ള എല്ലാ അവകാശങ്ങളും തമിഴ്‌നാട് സഹോദരനുമുണ്ടെന്ന് രാഹുല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. സ്വാഭിമാനത്തെ വിലമതിക്കുന്ന അതുല്യമായ സാംസ്‌കാരികവും രാഷ്ട്രിയവുമായ വേരുകളിലൂന്നിയ തമിഴ് ജനതയുടെ വാദം പാര്‍ലമെന്റില്‍ രാഹുല്‍ അവതരിപ്പിച്ചെന്നാണ് രാഹുലിന്‍റെ തമിഴ്നാട് സംബന്ധിയായ പരാമര്‍ശങ്ങളേക്കുറിച്ച് എം കെ സ്റ്റാലിന്‍ വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam