
ജയ്പൂര്‍: സ്വത്തുക്കള്‍ എഴുതി നല്‍കാത്തതിന്‍റെ പേരിലുള്ള മകന്‍റെയും മരുമകളുടെയും ഉപദ്രവം സഹിക്കാതെ 85 വയസുകാരന്‍ തന്‍റെ എല്ലാ സമ്പാദ്യവും സര്‍ക്കാരിന് നല്‍കി. ഒഡിഷയിലെ മുരാരിപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രമോഹന്‍ മിശ്ര എന്ന 85 വയസുകാരന്‍ തന്‍റെ സ്വത്തുവകകള്‍ സര്‍ക്കാരിന് നല്‍കികൊണ്ടുള്ള വില്‍പത്രം കളക്ടറായ രാജന്‍കുമാര്‍ ദാസിന് നല്‍കിയത്. സ്വത്ത് എഴുതി നല്‍കാത്തതിന്‍റെ പേരില്‍ വര്‍ഷങ്ങളായി മകനും മരുമകളും തന്നെ ദ്രോഹിക്കുകയായിരുന്നുവെന്നാണ് മിശ്ര പറയുന്നത്.
നാളുകളായി മകന്‍റെയും ഭാര്യയുടെ ഉപദ്രവം സഹിച്ചാണ് ജീവിച്ചത്. അവരെന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഗ്രാമവാസികളായ ചിലരുടെ കൂടെയാണ് പിന്നീട് കഴിഞ്ഞത്. ഇനി എന്നെ ഏതെങ്കിലും വൃദ്ധസദനത്തില്‍ ആക്കിയാല്‍ മതി- മിശ്ര കളക്ടറോട് പറഞ്ഞു. തന്‍റെ മരണ ശേഷം മൃതശരീരം പോലും മകന് വിട്ടുകൊടുക്കരുതെന്ന് മിശ്ര പറയുന്നു. തുടര്‍ന്ന് കളക്ടര്‍ മിശ്രയെ ഒരു വൃദ്ധസദനത്തിലെത്തിച്ചു.
വൃദ്ധനായ പിതാവിനെ ഉപദ്രവിച്ചതില്‍ മകനും മരുമകള്‍ക്കുമെതിരെ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കി. പിതാവിനെ ഉപദ്രവിച്ചതായി തെളിഞ്ഞാല്‍ ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam