കശ്മീരിൽ അതീവജാഗ്രത, സൈനിക വിന്യാസം, സഞ്ചാരികളും തീര്‍ത്ഥാടകരും മടങ്ങാന്‍ നിര്‍ദേശം

Published : Aug 02, 2019, 04:37 PM ISTUpdated : Aug 02, 2019, 07:26 PM IST
കശ്മീരിൽ അതീവജാഗ്രത, സൈനിക വിന്യാസം, സഞ്ചാരികളും തീര്‍ത്ഥാടകരും മടങ്ങാന്‍ നിര്‍ദേശം

Synopsis

അതീവജാഗ്രത പാലിക്കണമെന്ന നിര്‍ദേശം വ്യോമസേനയ്ക്കും കരസേനയ്ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും കാരണം ഭയപ്പാടിലായ താഴ്വരയിലെ ജനങ്ങള്‍ തിരിക്കിട്ട് അവശ്യവസ്തുകള്‍ വാങ്ങി സൂക്ഷിക്കുകയാണ്

ശ്രീനഗര്‍: 35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടിരിക്കുന്നത്. 

അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് അസാധാരണമായ ഉത്തരവ് ജമ്മു കശ്മീര്‍ അഭ്യന്തര സെക്രട്ടറിയുടേതായി പുറത്തു വന്നിരിക്കുന്നത്. ആക്രമണം നടത്താന്‍ ഭീകരര്‍ സൂക്ഷിച്ചിരുന്നു എം 24  സ്നൈപ്പര്‍ ഗണും പാകിസ്ഥാന്‍ നിര്‍മ്മിത മൈനുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു. 

ഈ മാസം 15 വരെയാണ്  അമര്‍നാഥ് തീര്‍ത്ഥാടനം. അമര്‍നാഥ് യാത്രയ്ക്കായി തീര്‍ത്ഥാടകരും വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളും ധാരാളമായി കശ്മീരിലേക്ക് എത്തുന്ന സമയമാണിത്. ഇതിനിടയിലാണ് സംസ്ഥാനത്ത് വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കാനും സഞ്ചാരികളായി എത്തിയവരെ മടക്കി അയക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം. 

പാക് ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിടുന്നെന്ന് സൈന്യം, അമേരിക്കന്‍ നിര്‍മ്മിത ആയുധം കണ്ടെടുത്തു

കശ്മീരില്‍ 10,000 സൈനികരെ വിന്യസിക്കാന്‍ കഴിഞ്ഞ ആഴ്ച സേനാമേധാവിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെയാണ്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഡോവലിന്‍റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 25,000 സൈനികരെ കൂടി കശ്മീരില്‍ വിന്യസിക്കും എന്ന അറിയിപ്പ് വന്നു. പതിവിന് വിപരീതമായി സൈനികരെ വ്യോമമാര്‍ഗ്ഗം കശ്മീരില്‍ എത്തിക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചു. 

വ്യാഴാഴ്ച ഉച്ചമുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങള്‍ക്കും കോടതികള്‍ക്കും നല്‍കിയ സുരക്ഷ ജമ്മു കശ്മീര്‍ പൊലീസ് പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആയുധങ്ങളില്ലാതെ സുരക്ഷാ ജോലിക്ക് വിന്യസിച്ച പൊലീസുദ്യോഗസ്ഥരെയാണ് മടക്കിവിളിച്ചതെന്നും സുരക്ഷാഉദ്യോഗസ്ഥരില്‍ നിന്നും ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്നും കശ്മീര്‍ എഡിജിപിയെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു ഇത്തരം സ്ഥലങ്ങളില്‍ സായുധരായ പൊലീസുകാരെ വിന്യാസിക്കുകയോ അംഗബലം കൂട്ടുകയോ ചെയ്യുമെന്നും എഡിജിപി വ്യക്തമാക്കി. ദക്ഷിണകശ്മീരിലാണ് പൊലീസുദ്യോഗസ്ഥരെ കൂടുതലായി മാറ്റിയിരിക്കുന്നതെന്നാണ് വിവരം. 

വിവിധ മേഖലങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ അടുത്തുള്ള  ചെക്ക് പോസ്റ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.  നിര്‍ണായകമായ ചില പ്രഖ്യാപനങ്ങളോ നടപടികളോ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉടനെയുണ്ടാവുമെന്നും ഇതിന് മുന്നോടിയായാണ് വന്‍തോതില്‍ സൈന്യത്തെ ഇറക്കിയതെന്നുമുള്ള അഭ്യൂഹം കശ്മീരില്‍ ശക്തമാണ്.  വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും കാരണം ഭയപ്പാടിലായ താഴ്വരയിലെ ജനങ്ങള്‍ തിരിക്കിട്ട് അവശ്യവസ്തുകള്‍ വാങ്ങി സൂക്ഷിക്കുകയാണ്. 

കശ്മീരില്‍ താഴ്വരയിലും നഗരമേഖലകളിലുമായി 280 കമ്പനി സിആര്‍പിഎഫ് ഭടന്‍മാരെ വിന്യസിച്ചുവെന്നാണ് സൂചന. ശ്രീനഗറിലേക്ക് വരാനും പോകാനുമുള്ള എല്ലാ പാതകളുടേയും നിയന്ത്രണം കേന്ദ്രസേനകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജമ്മു കശ്മീര്‍ പൊലീസിന്‍റെ സാന്നിധ്യവും ചെക്ക് പോസ്റ്റുകളിലുണ്ട്. അതീവജാഗ്രത പാലിക്കണമെന്ന നിര്‍ദേശം വ്യോമസേനയ്ക്കും കരസേനയ്ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ച ഉച്ചമുതല്‍ സംസ്ഥാനത്തിന് മുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതയും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നും പലരും കരുതുന്നു. 

എന്നാല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നാണ് പലരും കരുതുന്നത്. വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങ‍ള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള അഭ്യന്തര മന്ത്രി അമിത്ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി