സോനാലി ഫോഗട്ടിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹരിയാന മുഖ്യമന്ത്രി; ഗോവ സർക്കാരിന് കത്തയക്കും

By Web TeamFirst Published Aug 28, 2022, 9:10 AM IST
Highlights

സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ഹരിയാന: ബിജെപി നേതാവും നടിയുമായ സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ ഹരിയാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടും. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തത് ഗോവയിൽ ആയതിനാലാണ് ഈ നടപടി. സോനാലിയുടെ കുടുംബം മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖട്ടറിന്റെ പ്രതികരണം.

സോനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവായി കഴിഞ്ഞ ദിവസം കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോനാലിക്ക് പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേർന്ന് ലഹരിമരുന്ന് കലർത്തിയ ദ്രാവകം നൽകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. വടക്കൻ ഗോവയിലെ കേർലീസ് റെസ്റ്റോറന്‍റിൽ നിന്നുള്ള  ദൃശ്യങ്ങളിൽ നടക്കാനാകാതെ ബുദ്ധിമുട്ടുന്ന സോനാലിയെ താങ്ങി നിർത്തുന്നത് പിഎ, സുധീർ സാംഗ്വാനാണ്. ഇയാളുടെ സഹായി സുഖ്‍വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സോനാലി മരിക്കുന്നത്. 

സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണം; റെസ്റ്റോറന്‍റിന്‍റ് ഉടമയും ലഹരി ഇടപാടുകാരനും അറസ്റ്റില്‍

സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ ഇന്നലെ അറസ്റ്റിലായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോനാലി ചെലവഴിച്ച റെസ്റ്റോറന്‍റിന്‍റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളുമാണ് അറസ്റ്റിലായത്. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് റസ്റ്റോറന്‍റ് ഉടമ എഡ്വിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളാണ് ഇന്ന് അറസ്റ്റിലായ ദത്താ പ്രസാദ് ഗോവൻകർ. വടക്കൻ ഗോവയിലുള്ള കേർലീസ് റെസ്റ്റോറന്‍റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു.  

'ഭക്ഷണത്തിൽ എന്തോ കലർത്തിയ പോലെ, അവൾ പറഞ്ഞു', ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സഹോദരി

എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണ് സംഭവം നടന്ന ദിനം ഉപയോഗിച്ചിട്ടുള്ളത്. 2008ൽ ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ഗോവാ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും പ്രതിസ്ഥാനത്ത് കേർലീസ് റെസ്റ്റോറന്‍റ് ഉണ്ടായിരുന്നു. മരിക്കും മുൻപ് പെൺകുട്ടി ഈ റെസ്റ്റോറന്‍റിലേക്ക് പോയിരുന്നെന്നും മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടെന്നുമായിരുന്നു ആരോപണം. സോനാലിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ പിഎ, സുധീർ സാംഗ്വാനും സോനാലിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. സോനാലിയെ ഇയാൾ ബലാത്സംഗം ചെയ്തെന്ന് സഹോദരൻ ആരോപിച്ചു. എന്നാൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതടക്കം സമീപകാല ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. മാത്രമല്ല ഹരിയാനയിൽ സുധീർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തപ്പോൾ ഭാര്യയായി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്നത് സോനാലിയെയാണ വിവരവും കഴിഞ്ഞ ദിവസവും പുറത്ത് വന്നിരുന്നു. 

ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള 42കാരിയായ ബിജെപി നേതാവ് ചൊവ്വാഴ്ചയാണ് ഒരു സംഘത്തോടൊപ്പം ഗോവയിലെത്തിയത്. പിന്നീട്  അഞ്ജുനയിലെ സെന്റ് ആന്റണി ഹോസ്പിറ്റലിൽ ഇവരെ കുഴഞ്ഞുവീണ നിലയില്‍ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടക്കത്തിൽ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. 

click me!