ലഡാക്കിൽ വീണ്ടും സമരാഹ്വാനവുമായി സോനം വാങ്ചുക്ക്; എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥന

Published : Sep 11, 2026, 02:06 PM IST
Sonam Wangchuk

Synopsis

കേന്ദ്ര സർക്കാർ പ്രതിനിധികളുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ലഡാക്കിൽ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. ഒരാഴ്ചയ്ക്കകം അനുകൂല നടപടിയില്ലെങ്കിൽ ഈ മാസം 19-ന് സമരം തുടങ്ങുമെന്നും രാജ്യവ്യാപകമായി എല്ലാവരും പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ദില്ലി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. എല്ലാവരും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തിന് വേണ്ടി അതിർത്തി സംരക്ഷിക്കുകയും ജലവും വായുവും സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ലഡാക്കുകാർ. അവർക്കായി എല്ലാവരും ലഡാക്കിലെത്തി പിന്തുണയ്ക്കണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു.

ലഡാക്കിൽ വൈകാതെ ജനാധിപത്യ രീതിയിൽ സർക്കാർ വരുമെന്ന് പറയുമ്പോഴും ​ഗവർണർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്നും ഇത് എന്തിനെന്നുമാണ് വാങ്ചുക്കിന്‍റെ ചോദ്യം. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഒരാഴ്ചയ്ക്കകം ആവശ്യങ്ങളിൽ അനുകൂലമായ നടപടികളെടുത്തില്ലെങ്കിൽ ഈ മാസം 19 ന് വീണ്ടും സമരം തുടങ്ങുമെന്നാണ് വാങ്ചുക്കിന്‍റെ മുന്നറിയിപ്പ്.

ലഡാക്കിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലുണ്ടായ സമരത്തെ തുടർന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ലഡാക്കിന് കൂടുതൽ അധികാരവും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 26-ന് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.

ഈ വർഷം മാർച്ചിന് ശേഷം ജയിൽ മോചിതനായ വാങ്ചുക്, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജൂൺ 28 മുതൽ 26 ദിവസം നിരാഹാര സമരം നടത്തി. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സബ് കമ്മിറ്റിയുമായി നടത്തിയ ചർച്ചകളുടെ പുരോഗതിയിൽ താൻ അത്യധികം നിരാശനാണെന്ന് വാങ്ചുക് വെളിപ്പെടുത്തി. ചർച്ചയിൽ പുതുതായി ഒന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി ലെ അപെക്സ് ബോഡി സെപ്റ്റംബർ മാസം രക്തസാക്ഷി മാസമായി ആചരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 10-ന് കാർഗിലിൽ നിന്ന് ലെയിലേക്ക് നടത്താനിരുന്ന പദയാത്ര, ആഭ്യന്തര മന്ത്രാലയം ചർച്ച വിളിച്ചതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നിർദ്ദിഷ്ട ലഡാക്ക് അസംബ്ലിയുടെ അധികാരങ്ങളും അവകാശങ്ങളും ഉൾപ്പെടുത്തിയുള്ള വിശദമായ കരട് സെപ്റ്റംബർ 9-ലെ യോഗത്തിൽ സർക്കാർ അവതരിപ്പിക്കുമെന്നാണ് എപെക്സ് ബോഡി പ്രതീക്ഷിച്ചിരുന്നത്. ഈ വിഷയങ്ങളിൽ പുരോഗതി ഉണ്ടായാൽ മാത്രമേ ചർച്ച വിജയകരമാണെന്ന് പറയാനാവൂ എന്ന് സോനം വാങ്ചുക്ക് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കശ്മീരികളെ ജയിലിലടയ്ക്കാനാണോ ആഗ്രഹിക്കുന്നത്? വന്ദേമാതരത്തിൽ കോൺഗ്രസിന് മറുപടിയുമായി ഒമർ അബ്ദുള്ള
ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത്, ബെംഗളൂരു - മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ റൺ വിജയകരം; സർവീസിനായി കാത്തിരിപ്പ്