കശ്മീരികളെ ജയിലിലടയ്ക്കാനാണോ ആഗ്രഹിക്കുന്നത്? വന്ദേമാതരത്തിൽ കോൺഗ്രസിന് മറുപടിയുമായി ഒമർ അബ്ദുള്ള

Published : Sep 11, 2026, 02:03 PM IST
Omar Abdullah on Vande Mataram

Synopsis

വന്ദേമാതരവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിർദേശം തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്ത്. വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലണമെന്നത് നിയമപരമായ ബാധ്യതയാണെന്ന് പറഞ്ഞ അദ്ദേഹം, കശ്മീരികളെ ജയിലിലടയ്ക്കാനാണോ ആഗ്രഹിക്കുന്നതെന്നും ചോദിച്ചു.

ശ്രീനഗർ: വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയെന്ന കോൺഗ്രസ് നിർദേശത്തിന് കടുത്ത മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലണമെന്നത് നിയമപരമായ ബാധ്യതയാണെന്ന് ഒമർ അബ്ദുള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. വന്ദേമാതരവുമായി ബന്ധപ്പെട്ട നിയമനിർമ്മാണം കോൺഗ്രസ് പാർലമെൻ്റിൽ തടയണമായിരുന്നുവെന്ന് പറഞ്ഞ ഒമർ അബ്ദുള്ള, ഈയൊരു കാരണം കൊണ്ട് കശ്മീരികളെ ജയിലിലടയ്ക്കാനാണോ ആഗ്രഹിക്കുന്നതെന്നും ചോദിച്ചു. ജമ്മു കശ്മീർ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലിയതിൽ കോൺഗ്രസ് ഉന്നയിച്ച നിർദേശത്തിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം.

കോൺഗ്രസ് ഇത് പാർലമെന്റിൽ തടയണമായിരുന്നു. ഇപ്പോഴൊരു നിയമം നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. രണ്ട് ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണറും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയഗാനം ആലപിക്കപ്പെടുക എന്നത് സ്വാഭാവികമാണെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

"കോൺഗ്രസ് എന്താണ് ആഗ്രഹിക്കുന്നത്? ഈയൊരു കാരണം കൊണ്ട് കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ? ഇതൊരു നിയമപരമായ ബാധ്യതയാണ്. ഇത് ജമ്മു കശ്മീരിന് മാത്രം ബാധകമായ ഒന്നല്ല. ഇത് രാജ്യത്തിന് മുഴുവൻ ബാധകമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ ചടങ്ങുകളിലും ഇതുതന്നെയാണ് സംഭവിക്കുക. ഇത് ഇപ്പോൾ ഒരു നിയമപരമായ ബാധ്യതയാണ്. ഇന്നും, സമാപന ചടങ്ങിൽ ഒരു കേന്ദ്രമന്ത്രി പങ്കെടുക്കും. അവിടെ ദേശീയഗാനവും ദേശീയഗീതവും ആലപിക്കും"- ഒമർ അബ്ദുള്ള പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലേറുമ്പോൾ നിയമനിർമ്മാണം റദ്ദാക്കട്ടെയെന്നും അതിൽ എതിർപ്പില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു. "എത്രയും വേഗം കോൺഗ്രസ് അധികാരത്തിൽ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു, അവർക്ക് ഇത് പാർലമെന്റിൽ റദ്ദാക്കാവുന്നതാണ്. അവർ അത് ചെയ്യട്ടെ, ഞങ്ങൾക്ക് അതിൽ യാതൊരു എതിർപ്പുമില്ല. ഒരു പാർട്ടി എന്ന നിലയിൽ നമ്മൾ ഒരിക്കലും വന്ദേമാതരം അംഗീകരിച്ചിട്ടില്ല, ഭാവിയിൽ അത് അംഗീകരിക്കുകയുമില്ല. എന്നാൽ നമ്മുടെ നിയമപരവും ഭരണഘടനാപരവുമായ ബാധ്യതകൾ എന്തൊക്കെയാണോ, അവ നമ്മൾ നിറവേറ്റേണ്ടതുണ്ട്"- ഒമർ അബ്ദുള്ള വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത്, ബെംഗളൂരു - മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ റൺ വിജയകരം; സർവീസിനായി കാത്തിരിപ്പ്
ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും; തൃണമൂൽ വിമതരുമായി സഖ്യമില്ല, 'ഡൽഹിയിൽനിന്ന് 1500 കി.മീ. അകലെയാണ് കൊൽക്കത്ത'