ബെംഗളൂരു - മംഗളൂരു റൂട്ടിലെ നിർദിഷ്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ രണ്ടാമത്തെ ട്രയൽ റൺ പൂർത്തിയായി. ബെംഗളൂരുവിൽനിന്ന് 7:05 മണിക്കൂറുകൊണ്ട് ട്രെയിൻ മംഗളൂരുവിൽ എത്തിച്ചേർന്നു.

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ രണ്ടാമത്തെ ട്രയൽ റൺ പൂർത്തിയായി. വ്യാഴാഴ്ച നടന്ന രണ്ടാമത്തെ ട്രയൽ റണ്ണിൽ ബെംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റുകൊണ്ട് ട്രെയിൻ മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഒൻപതുമുതൽ പത്ത് മണിക്കൂർവരെയാണ് സാധാരണ ട്രെയിനുകളുടെ യാത്രാസമയം. സെപ്റ്റംബർ അഞ്ചിന് നടന്ന ആദ്യ ട്രെയൽ റണ്ണിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് വ്യാഴാഴ്ച വീണ്ടും ട്രയൽ റൺ നടത്താൻ സൗത്ത് വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചത്.

യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6:50ന് പുറപ്പെടുന്ന ട്രെയിൻ എട്ട് മണിക്കൂറുകൊണ്ട്, ഉച്ചകഴിഞ്ഞ് 2:50ന് മംഗളൂരുവിൽ എത്തിച്ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രെയിൻ മംഗളൂരു ജംഗ്ഷനിൽ ഉച്ചയ്ക്ക് 1:55ന് എത്തിച്ചേർന്നതോടെ, യാത്രാദൈർഘ്യം 7:05 മണിക്കൂറായി കുറഞ്ഞു. ഹാസൻ, സകലേഷ്പൂർ, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നത്.

മടക്കയാത്രയിൽ, മംഗളൂരു ജംഗ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2:25 ന് പുറപ്പെട്ട ട്രെയിൻ, വെറും 6:49 മണിക്കൂർ കൊണ്ട് രാത്രി 9:14 ന് യശ്വന്ത്പൂരിൽ എത്തിച്ചേർന്നു. മംഗളൂരു ജംഗ്ഷനിൽനിന്ന് വൈകുന്നേരം 3:10 ന് പുറപ്പെട്ട് രാത്രി 10:30 ന് യശ്വന്ത്പൂരിൽ എത്തുന്ന രീതിയിൽ, 7.20 മണിക്കൂറാണ് മടക്കയാത്ര നിശ്ചയിച്ചിരുന്നത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനത്തോട് കൂടിയ 16 കോച്ചുകളുള്ള ട്രെയിനാണ് ട്രയൽ റൺ നടത്തിയത്. ട്രയൽ റൺ വിജയകരമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

സെപ്റ്റംബർ അഞ്ചിന് നടന്ന ട്രയൽ റണ്ണിൽ ട്രെയിൻ സകലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് മേഖലയിലൂടെ കടന്നുപോകുന്നതിനിടയിൽ സാങ്കേതിക തകരാറുകൾ നേരിടുകയായിരുന്നു. ചുരം പാതയിൽ ഓവർഹെഡ് ഇലക്ട്രിക് ലൈനുകൾ സ്ഥിരതയുള്ളതല്ലാതിരുന്നതിനാൽ ഏകദേശം രണ്ട് മണിക്കൂർ ട്രെയിൻ വൈകി. നിശ്ചയിച്ചിരുന്ന സമയമായ ഉച്ചയ്ക്ക് 2:25ന് പകരം വൈകുന്നേരം 4:25നാണ് ട്രെയിൻ മംഗളൂരു സെൻട്രലിൽ എത്തിച്ചേർന്നത്. അതേസമയം നിലവിൽ യശ്വന്ത്പൂരിൽനിന്ന് 9:25 മണിക്കൂറുകൊണ്ടാണ് 10 സ്റ്റോപ്പുകൾ പിന്നിട്ട് ബെംഗളൂരു - കോഴിക്കോട് എക്സ്പ്രസ് മംഗളൂരുവിൽ എത്തിച്ചേരുന്നത്. ഇതിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് രണ്ടാമത്തെ ട്രയൽ റണ്ണിൽ ഓടിയെത്തിയിരിക്കുന്നത്.