ഡീൽ ആരോപണത്തിന് വൈകാരിക മറുപടിയുമായി സോനം വാങ്ചുക്; '26 ദിവസത്തെ നിരാഹാരത്തിന് ശേഷവും ആത്മാർത്ഥത തെളിയിക്കണോ'

Published : Jul 25, 2026, 05:40 AM IST
Sonam Wangchuk

Synopsis

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകി.

ദില്ലി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ദില്ലി ജന്തർ മന്തറിലെ തുറസ്സായ വേദിയിൽ നിന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റപ്പെട്ട താൻ, 26 ദിവസത്തെ കഠിനമായ നിരാഹാരത്തിന് ശേഷവും ആത്മാർത്ഥത തെളിയിക്കേണ്ടതുണ്ടോ എന്നാണ് വാങ്ചുക്കിന്‍റെ മറുചോദ്യം. വിഷമവും നിരാശയും അത്ഭുതവും കലർന്ന വികാരങ്ങളോടെയാണ് താൻ ഈ സന്ദേശം പങ്കുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരാഹാരത്തിലൂടെ തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വാങ്ചുക് വീഡിയോയിൽ തുറന്നുപറഞ്ഞു. നീണ്ട ഉപവാസം കാരണം പേശികൾ ക്ഷയിക്കുകയും ആന്തരാവയവങ്ങൾക്കും മസ്തിഷ്കത്തിനും തകരാറുകൾ സംഭവിക്കുന്നതിന്റെ വക്കിലെത്തുകയും ചെയ്തു. 11 കിലോയോളം ശരീരഭാരം കുറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ സമരം അവസാനിപ്പിച്ചതിനെതിരെ ഉയർന്ന രാഷ്‌ട്രീയ ആരോപണങ്ങളെയും ഡീൽ ആരോപണങ്ങളെയും അദ്ദേഹം തള്ളി. കേന്ദ്രമന്ത്രിമാർ വഴി സമരം അവസാനിപ്പിക്കാൻ എന്ത് കരാറാണ് ഉണ്ടാക്കിയത് എന്ന് ചിലർ ചോദിക്കുന്നു. ഇനി തന്റെ സമരത്തിന്റെ പവിത്രത തെളിയിക്കാൻ ആരിൽ നിന്നെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ എന്ന് വാങ്ചുക്ക് മറുചോദ്യം ഉന്നയിച്ചു. ഡീലിൽ എത്താനാണെങ്കിൽ ഒരു മാസത്തോളം കൊടും ചൂടിൽ റോഡരികിൽ കിടന്ന് പട്ടിണി കിടക്കേണ്ട കാര്യമുണ്ടോ എന്നും എയർ കണ്ടീഷൻ ചെയ്ത മുറിയിലിരുന്ന് അത് ചെയ്യാമായിരുന്നില്ലേയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിമർശനങ്ങൾക്കിടയിലും കഠിനമായ ഈ സമയത്ത് തനിക്കൊപ്പം ഉറച്ചുനിന്ന ആയിരക്കണക്കിന് ആളുകൾക്ക് വാങ്ചുക് നന്ദി രേഖപ്പെടുത്തി. 

വാങ്ചുക്കിന് നന്ദി പറഞ്ഞ് സിജെപി

അതേസമയം, വാങ്ചുക് ഉപവാസം അവസാനിപ്പിച്ചെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ ചില നിയമപരമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സിജെപി. സോനം വാങ്ചുക് സമരം അവസാനിപ്പിച്ചതിനെ സിജെപി പൂർണ്ണമായി പിന്തുണച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നും ഉപവാസം അവസാനിപ്പിക്കാൻ തങ്ങൾ നിരന്തരം അഭ്യർത്ഥിച്ചിരുന്നുവെന്നും സിജെപി നേതാക്കൾ പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ നിയമപരിഷ്കാരം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണെങ്കിലും പ്രശ്നത്തിന് യഥാർത്ഥ പരിഹാരം വേണമെന്നാണ് സിജെപി നിലപാട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കുന്നതു വരെ ജന്തർ മന്തറിലെ പ്രക്ഷോഭം ശക്തമായി തുടരുമെന്ന് സംഘടന ആവർത്തിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ പരിഹസിച്ച് സിജെപി; 'ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ, ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ'
308 മില്യണ്‍ വ്യൂസ്, പിന്നാലെ ഇന്നും ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായി പ്രധാനമന്ത്രി; 'താങ്ക്യു ഫ്രന്‍റ്സ്'