സോനം വാങ്ചുക്കിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നന്ദി പറഞ്ഞു. 26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്കെ പറഞ്ഞു

ദില്ലി: ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് സിജെപി. സോനം വാങ്ചുക്കിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നന്ദി പറഞ്ഞു. രാജ്യത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്കെ പറഞ്ഞു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കൊക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു.

ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലടക്കം പ്രതിഷേധം നടത്തും. അതേസമയം സമരം കണക്കിലെടുത്ത് ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പൊലീസ്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വത്തിൽ പാർലമെന്‍റിൽ പ്രതിഷേധം തുടരും.

എന്തുകൊണ്ട് സമരം അവസാനിപ്പിച്ചു- വാങ്ചുക്ക് പറയുന്നത്...

ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാങ്ചുക് വ്യക്തമാക്കി. രാജ്യത്തുടനീളം അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ തീരുമാനത്തിലെത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് കത്തുകളിൽ ഒപ്പിടുകയോ ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിച്ചതിന്റെ പൂർണ്ണമായ വിവരങ്ങളും വ്യവസ്ഥകളും ഉടൻ തന്നെ പ്രത്യേക വീഡിയോയിലൂടെ വ്യക്തമാക്കുമെന്ന് അറിയിച്ച അദ്ദേഹം, രാജ്യത്ത് എവിടെയും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ചാണ് 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിംഗ്, ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച രാത്രി അദ്ദേഹം സമരം അവസാനിപ്പിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സമരം അവസാനിപ്പിച്ച വിവരം സോനം വാങ്ചുക് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.

YouTube video player

ആരോഗ്യം വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രി

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിനെ തുടർന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ആരോഗ്യം വീണ്ടെടുക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇതിനൊപ്പം ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര കാബിനറ്റ് യോഗത്തിൽ ഇത് ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിവാദമുണ്ടായ ഉടൻ തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിരവധി കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…