'ജനങ്ങളെ കൊള്ളയടിക്കുന്നു'; ഇന്ധനവില വര്‍ധനവിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ

By Web TeamFirst Published Jun 16, 2020, 6:53 PM IST
Highlights

പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു
 


ദില്ലി: പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും അതിന്റെ ഗുണം നല്‍കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ്രയാസപ്പെടുമ്‌പോള്‍ വില കൂട്ടിയതിലെ യുക്തി മനസ്സിലാകുന്നില്ല. 

ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വില ഇനിയും കൂട്ടി ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കരുതെന്നും സോണിയ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി പത്താം ദിവസമാണ് പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നത്.

അതേസമയം രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയുമാണ് വര്‍ധിച്ചത്. ഈ മാസം ഏഴ് മുതല്‍ എല്ലാ ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ നടപടി അടുത്ത ആഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന.

പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. പക്ഷെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ചക്ക് ശേഷം ഇന്ധന വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് എണ്ണ വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

click me!