
ദില്ലി: കേന്ദ്ര ഭരണപ്രദേശവും തലസ്ഥാനനഗരവുമായ ദില്ലിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഫെബ്രുവരി 11-ന് വോട്ടുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കും. ദില്ലി നിയമസഭയിലെ എഴുപത് സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 36-സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരം പിടിക്കും. നിലവിലെ ഭരണകക്ഷിയായ ആം ആദ്‍മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും തമ്മിലാണ് ഇക്കുറി ദില്ലിയില്‍ പ്രധാന പോരാട്ടം. നഷ്ടപ്രതാപം തിരിച്ചു പിടിക്കാനായി കോണ്‍ഗ്രസും ശക്തിയായി മത്സരരംഗത്തുണ്ടാക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദില്ലിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സുരക്ഷിതമായും സമാധാനപൂര്‍ണമായും തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 19000 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുക്കാന്‍ പിടിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി കൊണ്ട് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
2015-ല്‍ നടന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി ദില്ലിയിലുടെ അധികാരം പിടിച്ചെടുത്തത്. അതേസമയം 2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും നേടി ബിജെപി ശക്തമായ തിരിച്ചു വരവാണ് ഇവിടെ നടത്തിയത്. ദില്ലിയുടെ ഭരണം സംസ്ഥാന സര്‍ക്കാരിനാണെങ്കിലും ദില്ലി പൊലീസ് അടക്കം നിര്‍ണായക പല അധികാര സ്ഥാപനങ്ങളുടേയും നിയന്ത്രണം കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിനാണ്. അതിനാല്‍ തന്നെ കെജ്രിവാള്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലത്തെ ഭരണം മുഴുവന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുള്ള പോരാട്ടം കൂടിയായിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 1.46 കോടി വോട്ടര്‍മാരാണ് ദില്ലി തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നത്. ഇവര്‍ക്കായി 13,750 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam