
ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് 'ബിലോങ്ങിങ്, എ ജേർണി ഓഫ് ലവിന്‍റെ പ്രകാശന ചടങ്ങ് പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സംഗമ വേദികൂടിയായി മാറിയിരുന്നു. എന്നാൽ ചടങ്ങിൽ സഖ്യകക്ഷികൾക്ക് മുൻഗണന നൽകിയുള്ള ഇരിപ്പിട ക്രമീകരണം ചർച്ചയാകുകയാണ്. സോണിയ ഗാന്ധിയുടെ തൊട്ടടുത്ത് അഖിലേഷ് യാദവ്, രാഹുൽ ഗാന്ധിയുടെ അടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് എന്നിവർക്കാണ് ഇരിപ്പിടം നൽകിയത്. പ്രിയങ്ക ഗാന്ധിയും ഭർത്താവും രണ്ടാമത്തെ നിരയിലും മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാരും പിൻ നിരയിലായിരുന്നു. കൂടാതെ ബിജെപിയിൽ എത്തിയ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുൻ നിരയിൽ ഇരുത്തിയത് 'ക്യാപ്റ്റൻ കോൺഗ്രസിലേക്ക്' എന്ന അഭ്യൂഹം ശക്തമാക്കുകയാണ്.
എന്നാൽ ഈ അഭ്യൂഹങ്ങൾ ബിജെപി തള്ളി. സോണിയയും അമരീന്ദറും ദീർഘനാളായുള്ള വ്യക്തിപരമായ ബന്ധമുള്ളവരാണെന്നും അതുകൊണ്ട് ചടങ്ങിൽ പങ്കെടുത്തത് സ്വാഭാവികമാണെന്നും ബിജെപി നേതാക്കൾ പറയുന്നു. ചടങ്ങിൽ പങ്കെടുക്കുന്നത് പാർട്ടി നേതൃത്ത്വത്തെ അറിയിച്ചിരുന്നതുമായാണ് റിപ്പോർട്ട്. സിദ്ധരാമയ്യ അടക്കം മുതിർന്ന നേതാക്കളെ പിന്നിൽ ഇരുത്തിയത് അവഗണനയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. പ്രകാശന ചടങ്ങിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അമരീന്ദറും തന്‍റെ പിതാവ് രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധവും പരാമർശിച്ചിരുന്നു. നിർണായക സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കവെ സോണിയയുടെ 'ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ് എന്ന പ്രകാശന ചടങ്ങിലെ നയതന്ത്ര നീക്കം ശ്രദ്ദേയമാവുകയാണ്.
തന്നെയും കുടുംബത്തെയും പറ്റി പ്രചരിച്ച പല കാര്യങ്ങളും തെറ്റാണെന്നും അതുകൊണ്ടാണ് പുസ്തകം എഴുതാൻ തീരുമാനിച്ചതെന്നും സോണിയഗാന്ധി പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞു. എന്‍റെ കഥ ഞാൻ തന്നെ പറയുന്നത് കേൾക്കാൻ ആളുകൾക്ക് താത്പര്യമുണ്ടെന്ന് തോന്നി, രാഹുലും പ്രിയങ്കയും നിരന്തരം പുസ്തകം എഴുതാൻ പ്രേരിപ്പിച്ചു. ആദ്യം എഴുതാൻ മടി തോന്നിയെങ്കിലും തന്നെയും കുടുംബത്തെയും പറ്റി പല കാര്യങ്ങളും തെറ്റായി പ്രചരിച്ചു.ഇതോടെയാണ് തന്‍റെ ഓർമ്മക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കാൻ തീരുമാനിച്ചതെന്നും സോണിയഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam