
ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ച സംഭവത്തിൽ മണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഷിംല പൊലീസ് കേസെടുത്തു. മാനനഷ്ടം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഷിംല പൊലീസ് വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗാന്ധി കുടുംബത്തിന്റെ പഴയകാല വീഡിയോ ദൃശ്യങ്ങൾക്കൊപ്പം കങ്കണയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടായ @KanganaTeam-ൽ നവംബർ 10ന് പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമ്മയാണ് ഹിമാചൽ പ്രദേശ് ഡിജിപിക്ക് പരാതി നൽകിയത്.
നവംബർ 12-നാണ് പരാതി നൽകിയിരുന്നത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ചുള്ള ദുസ്സൂചനകൾ പോസ്റ്റുകളിൽ അടങ്ങിയിട്ടുണ്ടെന്നും, സോണിയാ ഗാന്ധിയെ 'ദുരൂഹയായ വിദേശ പൗര' എന്ന് വിശേഷിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുടെ മരണങ്ങളെ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമായി താരതമ്യം ചെയ്യുന്നതാണ് പോസ്റ്റുകളെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സഞ്ജയ് ഗാന്ധിയുടെ മരണശേഷം മനേക ഗാന്ധിയെ കുടുംബ വീട്ടിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 353 (പൊതുവിപത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 356 (മാനനഷ്ടം), 196 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഷിംല എസ്‍പി ഗൗരവ് സിംഗ് കങ്കണയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ഥിരീകരിച്ചത്. സംഭവത്തിൽ സൈബർ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam