തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദിയുടെ റാലി ഇന്ന്. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും.
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്ന്. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും. പ്രധാനമന്ത്രി തമിഴ്നാട്ടിൽ ഉള്ള ദിവസം തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് ശേഷം മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി ടി വി ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും. അഴിമതി, കുടുംബാധിപത്യം, ഹൈന്ദവ വിശ്വാസികൾക്കെതിരായ പീഡനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഡിഎംകെ സർക്കാരിനെതിരെ മോദി കടന്നാക്രമണം നടത്തുമെന്നാണ് സൂചന. പൊതുയോഗത്തിന് ശേഷം വൈകീട്ട് 5 മണിയോടെ മോദി ദില്ലിക്ക് മടങ്ങും. അതേസമയം, വിബി ജി റാം ജി ബില്ലിനെതിരെ തമിഴ്നാട് നിയമസഭയിൽ ഇന്ന് ബില്ല് അവതരിപ്പിക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ ബില്ല് അവതരിപ്പിക്കാനാണ് സാധ്യത. പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്ന ദിവസം ആണ് നീക്കം.
