
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല. ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജൻസി രാഹുലിനെ ചോദ്യം ചെയ്തത്. യങ് ഇന്ത്യ കമ്പനിയുടെ സംയോജനം, എജെഎൽ ഏറ്റെടുക്കൽ അടക്കമുള്ള വിഷയങ്ങളിൽ ആണ് രാഹുലിൽ നിന്ന് ഇഡി വിവരം തേടുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും.
'യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരം' രാഹുൽ ഗാന്ധി
നാഷണൽ ഹെറാൾഡ് കേസ്: ചോദ്യം ചെയ്യലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് .ഓഹരി വാങ്ങുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായി കൊല്‍ക്കത്തയിലുള്ള സ്വകാര്യ കമ്പനി യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിൽ പറഞ്ഞതായി ഇഡി വൃത്തങ്ങൾ സൂചന നല്‍കി.സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഗാന്ധി ഇഡിയോട് വ്യക്തമാക്കി. യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ അഞ്ച് ലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേർണലിനെ അൻപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നതും ഈ ഇടപാടിലെ പൊരുത്തു കേടായി ഇഡി കാണുന്നുണ്ട്. രാഹുലിന്‍റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തത വരുത്താനുണ്ടെന്ന് ഇ ഡി പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ അൻപതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുലിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്.. ഇ ഡി യു ടെ അസിസ്റ്റന്‍റ് ഡയറക്ടർ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam