സോണിയയോട് മാപ്പ് പറഞ്ഞ് ഗലോട്ട്; രാജസ്ഥാനിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കെ.സി

By Web TeamFirst Published Sep 29, 2022, 6:47 PM IST
Highlights

മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപി

ദില്ലി: രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്ത മൂന്ന് ദിവസത്തിനകം പരിഹരിക്കുമെന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്നും കെസി പറഞ്ഞു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ആരെല്ലാമെന്ന് നാളെ അറിയാമെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കില്ലെന്ന് വ്യക്തമായി. രാജസ്ഥാനില്‍ ഉണ്ടായ സംഭവങ്ങളില്‍ സോണിയഗാന്ധിയോട് മാപ്പ് ചോദിച്ചതായി അശോക് ഗെലോട്ട് പറഞ്ഞു. ഇതോടെ ദിഗ് വിജയ് സിങാകും ഇനി ഹൈക്കമാന്‍റിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാവുക

മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്.

രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്ത് നിന്നും പിന്മാറുന്നതെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് ഗെലോട്ട് മത്സരിക്കാത്തതിനുള്ള യഥാർത്ഥ കാരണം. സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതിയും നല്‍കിയില്ല. ഹൈക്കമാൻഡിനെ മറികടന്ന് രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.

ഇതോടെ ഇനി മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങാകും ഹൈക്കമാൻഡിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാകുക. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് എത്തി നാമനിർദേശ പത്രിക വാങ്ങിയ ദിഗ് വിജയ് സിങ് നാളെ പത്രിക നല്‍കും. നാളെ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണെന്നിരിക്കെ നിലവില്‍ ശശി തരൂരും ദിഗ് വിജയ് സിങും മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷനായുള്ള മത്സര രംഗത്തുള്ളത്.

click me!