​ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി‌യാ‌യി തുടരുമോ? തീരുമാനം സോണിയയുടേത്, രണ്ട് ദിവസത്തിനകം അറിയാം

By Web TeamFirst Published Sep 29, 2022, 6:35 PM IST
Highlights

രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍  സോണിയ ഗാന്ധിയോട് ​ഗെലോട്ട് ക്ഷമ ചോദിച്ചെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും കാരണമായ ആ മുഖ്യമന്ത്രിപദത്തിൽ ഇനിയും അദ്ദേഹത്തിന് തുടരാനാവുമോ എന്നതാണ് ചോദ്യം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധിയാണ്

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ​ഗെലോട്ട് വ്യക്തമാക്കിയെങ്കിലും അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍  സോണിയ ഗാന്ധിയോട് ​ഗെലോട്ട് ക്ഷമ ചോദിച്ചെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും കാരണമായ ആ മുഖ്യമന്ത്രിപദത്തിൽ ഇനിയും അദ്ദേഹത്തിന് തുടരാനാവുമോ എന്നതാണ് ചോദ്യം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധിയാണ്. തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

​ഗെലോട്ട് പാർട്ടി അധ്യക്ഷനായാൽ പകരം മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിൽ കുടുങ്ങി വലിയ വിമതനീക്കമാണ് രാജസ്ഥാനിലെ 90 എംഎൽഎമാരിൽ നിന്നുണ്ടായ്ത. ​ഗെലോട്ട് പക്ഷക്കാരായ ഇവരിൽ, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാതിരിക്കാനുള്ള നീക്കത്തിന് പിന്നിൽ ​ഗെലോട്ടിന്റെ പങ്ക് പാർട്ടി പൂർണമായി തള്ളിയിട്ടില്ലെന്നാണ് ആഭ്യന്തരവൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാരണത്തിലുള്ള അതൃപ്തി പാർട്ടിക്ക് ഉണ്ടെന്നാണ് വിവരം. നിയമസഭാ നേതാവും മുഖ്യമന്ത്രിയുമെന്ന നിലയിൽ അശോക് ​ഗെലോട്ടിന് കാര്യങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്നാണ് വിലയിരുത്തൽ. 

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന്  അശോക് ഗെലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. സോണിയ - അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയായിരുന്നു ഇതു സംബന്ധിച്ച പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍  സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു. നെഹ്റു കുടുംബവുമായുള്ളത് 50 വര്‍ഷത്തെ ബന്ധമാണെന്നും ഗെലോട്ട് വിശദീകരിച്ചു.  രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ദില്ലിയിലെത്തിയ അശോക് ഗെലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
 
അധ്യക്ഷ തെരഞ്ഞെടുപ്പിനായി ശശി തരൂര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നാളെ പത്രിക നൽകുമെന്ന് ദിഗ് വിജയ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കാൻ വേണ്ടിയാണ് താൻ നാമനിർദേശ പത്രിക വാങ്ങുന്നതെന്ന്  ദിഗ് വിജയ് സിം​ഗ് പറയുന്നത്.  ഹൈക്കമാന്‍റ് പ്രതിനിധിയാണോ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി. നിലവിലെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് തന്‍റെ സ്ഥാനാർത്ഥിത്വമെന്ന റിപ്പോർട്ടുകളെ തള്ളാതെയുള്ള പ്രതികരണമായിരുന്നു ദിഗ്‌വിജയ് സിംഗിന്‍റേത്. ആരൊക്കെ മത്സരിക്കുമെന്ന കാര്യമറിയാൻ നാളെ വരെ കാത്തിരിക്കൂ എന്നും അദ്ദേഹം പ്രതികരിച്ചു.  

Read Also: 'സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരം'; ദിഗ്‌വിജയ് സിംഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂര്‍

 

click me!