'പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍'; വാഗ്ദാനവുമായി എസ്‍പി

By Web TeamFirst Published Jan 4, 2020, 3:26 PM IST
Highlights

സാമൂഹ്യ വിരുദ്ധരെയും പ്രക്ഷോഭകരെയും ആദരിക്കുന്നത് എസ്‍പിയുടെ ഡിഎന്‍എയില്‍ തന്നെ ഉള്ളതാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

ദില്ലി: യുപിയില്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് സമാജ്‍വാദി പാര്‍ട്ടി. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കൊല്ലപ്പെടുകയോ ജയിലില്‍ ആകുകയോ ചെയ്തവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരി പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നാണ് എസ്‍പിയുടെ വാഗ്ദാനം. 

അഭയം തേടുന്ന എല്ലാവരെയും തങ്ങള്‍ സംരക്ഷിക്കുമെന്നും ചൗധരി പറഞ്ഞു. എന്നാല്‍ സാമൂഹ്യ വിരുദ്ധരെയും പ്രക്ഷോഭകരെയും ആദരിക്കുന്നത് എസ്‍പിയുടെ ഡിഎന്‍എയില്‍ തന്നെ ഉള്ളതാണെന്നായിരുന്നു യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടെ പ്രതികരണം. തീവ്രവാദികള്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ എസ്പി പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. ബംഗ്ലാദേശികള്‍ക്കും റോഹിംഗ്യകള്‍ക്കും പൗരത്വം നല്‍കുന്നതിനെക്കുറിച്ച് എസ്പി സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി കുറ്റപ്പെടുത്തി.  

എന്‍പിആറിന് വേണ്ടിയുള്ള വിവരങ്ങള്‍ നല്‍കില്ലെന്ന് പറഞ്ഞ അഖിലേഷ് യാദവിനെയും ദിനേഷ് ശര്‍മ്മ കുറ്റപ്പെടുത്തി. എല്ലാ വികസന പദ്ധതികളുടെയും അടിസ്ഥാനം എന്‍പിആര്‍ ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കും എന്നായിരുന്നു ദിനേശ് ശര്‍മ്മയുടെ പരിഹാസം. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് അഖിലേഷ് യാദവ് നടത്തുന്നതെന്നും ദിനേഷ് ശര്‍മ്മ കുറ്റപ്പെടുത്തി. 

click me!