ബംഗളൂരു മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; പിഴ 2500 ശതമാനം വരെ കൂട്ടി കർണാടക സർക്കാർ, റെന്‍റ് കൺട്രോൾ ആക്ടിൽ സുപ്രധാന മാറ്റങ്ങൾ

Published : Sep 30, 2025, 05:46 PM IST
Bengaluru MG Road

Synopsis

കർണാടക സർക്കാർ 1999-ലെ വാടക നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തുന്നു. ഈ മാറ്റം വാടക തർക്കങ്ങളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കുകയും, പകരം നിയമലംഘനങ്ങൾക്കുള്ള പിഴ 900% മുതൽ 2500% വരെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ബെംഗളൂരു: വാടക തർക്കങ്ങളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കുകയും അതേ സമയം പിഴത്തുക 900 ശതമാനം മുതൽ 2,500 ശതമാനം വരെ കുത്തനെ വർധിപ്പിക്കുകയും ചെയ്ത് കര്‍ണാടക സർക്കാർ. 1999-ൽ കൊണ്ടുവന്ന കർണാടക റെന്‍റ് കൺട്രോൾ ആക്ടിൽ സുപ്രധാന ഭേദഗതികൾ വരുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ച ഈ ഭേദഗതികൾ ബെളഗാവിയിൽ നടക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെറിയ കുറ്റകൃത്യങ്ങളെ പിഴയും മുന്നറിയിപ്പും നൽകി കുറ്റവിമുക്തമാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ 'ജൻ വിശ്വാസ് ആക്ട്, 2025'-മായി സംസ്ഥാന നിയമം ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. വാടകക്കാരുമായും വീട്ടുടമകളുമായും ബന്ധപ്പെട്ട തർക്കങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന ഒരു മാസം വരെയുള്ള തടവ് ശിക്ഷ ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കനത്ത പിഴകൾ

പുതിയ ഭേദഗതി പ്രകാരം നിയമത്തിലെ ഒമ്പത് വിവിധ വകുപ്പുകളിലെ പിഴകൾ കുത്തനെ വർദ്ധിപ്പിച്ചു. വാടകക്കാർ അനുമതിയില്ലാതെ സബ്‌ലെറ്റ് ചെയ്യുന്നത്, വീട്ടുടമകൾ നിയമവിരുദ്ധമായി വാടകക്കാരെ ഒഴിപ്പിക്കുന്നത്, വസ്തുവിവരം തെറ്റായി രേഖപ്പെടുത്തുന്നത്, റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പഴയ നിയമപ്രകാരം, നിയമം ലംഘിച്ച് വാടകയ്ക്ക് നൽകിയാൽ 5,000 രൂപയോ അല്ലെങ്കിൽ ലഭിച്ച വാടകയുടെ ഇരട്ടിയോ, ഇവയിൽ ഏതാണോ കൂടുതലെങ്കിൽ അതും കൂടാതെ ഒരു മാസം വരെ തടവും ലഭിക്കുമായിരുന്നു. പുതിയ ഭേദഗതി പ്രകാരം, നിയമം ലംഘിച്ച് സബ്‌ലെറ്റ് ചെയ്യുന്ന വാടകക്കാർക്ക് പരാതി നീങ്ങുന്നതുവരെ 50,000 രൂപ വരെ പിഴയോ അല്ലെങ്കിൽ വാടകയ്ക്ക് ലഭിക്കുന്ന തുകയുടെ ഇരട്ടിയോ, ഇവയിൽ ഏതാണോ കൂടുതലെങ്കിൽ അതും ചുമത്തും. തടവ് ശിക്ഷ ഉണ്ടായിരിക്കില്ല.

നിയമവിരുദ്ധമായി ഒഴിപ്പിക്കൽ

വാടകക്കാരെ നിയമവിരുദ്ധമായി ഒഴിപ്പിക്കുന്ന വീട്ടുടമകൾക്കും സമാനമായ വ്യവസ്ഥകൾ ബാധകമാണ്. കോടതി വീണ്ടും വാടകയ്ക്ക് നൽകാൻ ഉത്തരവിട്ട സാഹചര്യത്തിൽ നിയമം ലംഘിക്കുന്നവർക്ക് നേരത്തെ 5,000 രൂപ പിഴയോ അല്ലെങ്കിൽ ലഭിച്ച വാടകയുടെ ഇരട്ടിയോ, കൂടാതെ ഒരു മാസം വരെ തടവോ ലഭിക്കുമായിരുന്നു. പുതിയ ഭേദഗതി പ്രകാരം തടവ് ഒഴിവാക്കി. 50,000 രൂപ വരെ പിഴയോ അല്ലെങ്കിൽ ലഭിച്ച വാടകയുടെ ഇരട്ടിയോ, ഇവയിൽ ഏതാണോ കൂടുതൽ അത് ചുമത്തും.

റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർക്കുള്ള നിയമങ്ങൾ

റെന്‍റ് കൺട്രോളർമാരുടെ അടുത്ത് രജിസ്റ്റർ ചെയ്യാത്ത റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർക്കും മധ്യസ്ഥർക്കുമുള്ള തടവ് ശിക്ഷ ഒഴിവാക്കി. പകരം, രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതുവരെ ദിവസേന 20,000 രൂപ പിഴ ചുമത്തും. പുതിയ പ്രോപ്പർട്ടികളുമായി ബന്ധപ്പെട്ട മിക്ക ഏജന്‍റുമാരും റെറയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഈ പ്രോപ്പർട്ടികൾ മറിച്ചു വിൽക്കാൻ സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് കുറച്ച് പേർക്ക് മാത്രമേ അറിയൂ എന്ന് നോർത്ത് ബെംഗളൂരുവിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്‍റ് അഭിപ്രായപ്പെട്ടു.

പരിഹാരത്തിന് റെന്‍റ് കൺട്രോളർമാർ

നീതിന്യായ വ്യവസ്ഥയുടെ ജോലിഭാരം കുറയ്ക്കുന്നതിനായി, വാടക തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള അഡ്ജുഡിക്കേഷൻ അധികാരം (adjudication powers) റെന്‍റ് കൺട്രോളർമാർക്ക് നൽകിക്കൊണ്ട് ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. മുനിസിപ്പൽ പരിധിക്കുള്ളിൽ അസിസ്റ്റന്‍റ് കമ്മീഷണർമാരെ (ACs), നഗര-ഗ്രാമീണ മേഖലകളിൽ തഹസിൽദാർമാരെയും നിയമം നടപ്പിലാക്കുന്നതിനുള്ള റെന്‍റ് കൺട്രോളർമാരായി സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'