
ചെന്നൈ: സാമൂഹിക മാധ്യമങ്ങൾ (Social Media) നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ (Tamilnadu) . എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊലീസ് കമ്മീഷണറേറ്റുകളിലും സോഷ്യൽ മീഡിയ ലാബ് സ്ഥാപിക്കും. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഉൾപ്പെടെയുള്ളവയിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾ നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. സംസ്ഥാന ബജറ്റിൽ (Tamilnadu Budget) ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം.
സാമൂഹിക സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ലിംഗനീതി, ഡാറ്റാധിഷ്ഠിത ഭരണം, എന്നിവയിലൂന്നിയാണ് തമിഴ്നാടിന്‍റെ പൊതുബജറ്റ്. സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി 7,000 കോടി രൂപ കുറഞ്ഞതായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു. ആറാം ക്ലാസ് മുതൽ +2 വരെയുള്ള സർക്കാർ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ പഠനസഹായം, ഡിഎംകെ സർക്കാരിന്‍റെ അഭിമാന പദ്ധതിയായ ശിങ്കാര ചെന്നൈക്കായി 500 കോടി, പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പ്രത്യേകം സംവിധാനം തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങൾ.
ജിഎസ്ടി നഷ്ടപരിഹാരം രണ്ട് വർഷം കൂട്ടി നീട്ടണമെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഡിഎംകെ സർക്കാരിന്‍റെ രണ്ടാമത് ഇ ബജറ്റായിരുന്നു ഇത്. ബജറ്റവതരണത്തിന് മുമ്പ് പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.