
ദില്ലി: സർക്കാർ ഉദ്യോഗസ്ഥർ 5000 രൂപയിൽ അധികം ചെലവാക്കണമെങ്കിൽ മേലുദ്യോഗസ്ഥരുടെ അനുമതി വേണമെന്ന് ഉത്തരവ്. ജൂലൈ 14നാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു സർക്കാർ ജീവനക്കാരൻ ഒരു മാസത്തെ ശമ്പളത്തിലോ 5,000 രൂപയിലോ കൂടുതലുള്ള ഏതെങ്കിലും ജംഗമ വസ്തു വാങ്ങുകയോ വിൽക്കുകയോ മറ്റേതെങ്കിലും വിധത്തിൽ ഇടപാടു നടത്തുന്നതിനോ മേലുദ്യോഗസ്ഥനെ അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.
ജീവനക്കാർ ജോലിയിൽ ചേരുന്ന സമയത്തും അതിനുശേഷമുള്ള ഓരോ അഞ്ച് വർഷത്തിലും അവരുടെ എല്ലാ സ്വത്തുക്കളും വെളിപ്പെടുത്തണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്. പങ്കാളികൾക്കും ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ മറ്റേതെങ്കിലും അംഗങ്ങൾക്കും സ്വത്ത് വെളിപ്പെടുത്തൽ ബാധകമായിരിക്കും.
അതേസമയം, സർക്കാർ ഉത്തരവ് പരിഹാസ്യമാണെന്ന് ഉത്തരാഖണ്ഡ് എസ്‌സി-എസ്‌ടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് കരം റാം പറഞ്ഞു. വിവാദ ഉത്തരവ് പിൻവലിക്കണമെന്നും ഭാര്യയ്‌ക്കോ കുട്ടികൾക്കോ വസ്ത്രം വാങ്ങാൻ പോലും മേലുദ്യോഗസ്ഥന്റെ അനുമതി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.