പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാനുള്ള എസ്.പി.ജിക്ക് ബഡ്ജറ്റില്‍ 600 കോടിവരെ നീക്കിയിരിപ്പ്

By Web TeamFirst Published Feb 2, 2020, 11:40 AM IST
Highlights

കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്.പി.ജി സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ എച്ച്.ഡി ദേവഗൗഡ, വിപി സിംഗ് എന്നീ മുന്‍പ്രധാനമന്ത്രിമാരുടെ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു.

ദില്ലി: പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാനുള്ള സ്പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ് (എസ്.പി.ജി)യുടെ ബഡ്ജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു. 540 കോടി മുതല്‍ 600 കോടിവരെയാണ് എസ്.പി.ജിക്കായി 2020 ബഡ്ജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റില്‍ ഈ വിഹിതം 420 കോടി മുതല്‍ 540 കോടിവരെയായിരുന്നു. 3000 പേര്‍ അടങ്ങുന്ന സുരക്ഷ സേനയുടെ സംരക്ഷണം ഇപ്പോള്‍ രാജ്യത്ത് ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ്.

കഴിഞ്ഞ ഡിസംബറില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. സെക്യൂരിറ്റി പ്രോട്ടോകോള്‍ ലംഘനവും പുതിയ എസ്.പി.ജി നിയമവും അനുസരിച്ചാണ് ഗാന്ധി-നെഹ്റു കുടുംബത്തിന്‍റെ സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. 

കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്.പി.ജി സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ എച്ച്.ഡി ദേവഗൗഡ, വിപി സിംഗ് എന്നീ മുന്‍പ്രധാനമന്ത്രിമാരുടെ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു. 1985 ല്‍ ഇന്ദിരാഗാന്ധിയുടെ മരണശേഷമാണ് എസ്.പി.ജി സംവിധാനം കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. 1991 ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷയാണ് ഗാന്ധി-നെഹ്റു കുടുംബത്തിന് എസ്.പി.ജി സുരക്ഷ നല്‍കിയത്.

1999 ബാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി ദേവഗൗഡ, ഐകെ ഗുജറാള്‍, പിവി നരസിംഹറാവു എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചിരുന്നു. 2003 എസ്.പി.ജി സുരക്ഷ നിയമം ബാജ്പേയി സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. അത് പ്രകാരം 10 കൊല്ലമാണ് എസ്.പി.ജി സുരക്ഷയുടെ കാലാവധിയെന്നും. തുടര്‍ന്നും സുരക്ഷ നല്‍കാന്‍ ഭീഷണികളുടെ തോത് വിലയിരുത്തിയായിരിക്കുമെന്നും നിയമം മാറ്റി. 2018ല്‍ അന്തരിക്കും വരെ ബാജ്പേയിക്ക് എസ്.പി.ജി സുരക്ഷ ഉണ്ടായിരുന്നു.

2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ വീണ്ടും എസ്.പി.ജി നിയമം ഭേദഗതി ചെയ്തു. ഇത് പ്രകാരം എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിക്കും, അവരുടെ കുടുംബങ്ങള്‍ക്കുമായി ചുരുക്കി. മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് അവര്‍ പദവി ഒഴിഞ്ഞശേഷം അഞ്ച് വര്‍‍ഷമാണ് ഈ സുരക്ഷ ലഭിക്കുന്ന കാലാവധി.
 

click me!