
ലക്നൌ: മാലിന്യ നീക്കത്തിനായി കര്‍ശന നിലപാടുകളുമായി ഉത്തര്‍ പ്രദേശ്. പൊതുനിരത്തില്‍ തുപ്പുന്നതും മാലിന്യം നിക്ഷേപിക്കുന്നതിനും ഉത്തര്‍പ്രദേശ് പിഴത്തുക ഉയര്‍ത്തി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കും പിഴ കൂടിയിട്ടുണ്ട്. ആയിരം രൂപയാണ് പിഴ. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തിനായാണ് ശിക്ഷാ നടപടികള്‍.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് യോഗി സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സഹായം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്. നിരവധി അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ കമ്പനികളില്‍ നിന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായുള്ള പ്രപ്പോസലുകള്‍ ലഭിച്ചതായാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദമാക്കുന്നത്.
വ്യവസായ മേഖലയിലെ നിക്ഷേപം സംസ്ഥാനത്ത് വര്‍ധിപ്പിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും യോഗി ആദിത്യനാഥ് വിശദമാക്കുന്നു. വിദേശകമ്പനികള്‍ എത്തുമ്പോള്‍ പരിസര ശുചിത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത് സംബന്ധിച്ച പുതിയ നയ രൂപീകരണവും. ഇതിലേക്കായി ഖരമാലിന്യം നിര്‍മാര്‍ജനം സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ക്ക് യുപി മന്ത്രി സഭ അംഗീകാരം നല്‍കി. മാലിന്യങ്ങളെ വേര്‍തിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. വീടുകള്‍ തോറുമെത്തി മാലിന്യം ശേഖരിക്കാനുള്ള സംവിധാനവും യുപിയില്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നൂറ് പേരില്‍ അധികം ആളുകള്‍ ഒത്ത് ചേരുന്ന പരിപാടികളിലുണ്ടാവുന്ന മാലിന്യം പരിപാടിയില്‍ പങ്കെടുത്തവരും സംഘാടകരും നീക്കാത്തപക്ഷം പിഴ ശിക്ഷയുണ്ടാവും. പരിപാടി സംഘടിപ്പിച്ച സ്ഥലത്തിന്‍റെ അളവും മാലിന്യത്തിന്‍റെ അളവും കണക്കിലെടുത്താവും പിഴ. വഴിയോരക്കച്ചവടക്കാരും മാലിന്യം ശേഖരിക്കാനുള്ള ബോക്സുകള്‍ ഒരുക്കണം. ഇവരില്‍ നിന്ന് സാധനം വാങ്ങുന്നവര്‍ പരിസരം മലിനമാക്കാതിരിക്കാനാണ് ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam