വനിതാ ഹോസ്റ്റലിന്‍റെ കുളിമുറിയിൽ ഒളിക്യാമറ; ആണ്‍സുഹൃത്തിന്‍റെ സമ്മർദം കാരണം സ്ഥാപിച്ചെന്ന് യുവതിയുടെ മൊഴി, ഇരുവരും പിടിയിൽ

Published : Nov 06, 2025, 08:42 PM IST
woman arrested for hidden camera

Synopsis

തമിഴ്നാട്ടിലെ ടാറ്റാ ഇലക്ട്രോണിക്‌സിന്‍റെ വനിതാ ഹോസ്റ്റൽ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതിന് ജീവനക്കാരിയായ യുവതിയും കാമുകനും അറസ്റ്റിലായി. കാമുകന്റെ നിർബന്ധപ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്ന് യുവതി

ചെന്നൈ:വനിതാ ഹോസ്റ്റലിന്‍റെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച കേസിൽ യുവതിയെയും ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്തുള്ള ടാറ്റാ ഇലക്ട്രോണിക്‌സിന്‍റെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.നാഗമംഗലത്തെ കമ്പനിയിൽ ജീവനക്കാരിയായിരുന്ന ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്ത (22) ഈ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. തൻ്റെ പുരുഷ സുഹൃത്തായ സന്തോഷിൻ്റെ (25) പ്രേരണയാലാണ് നീലുകുമാരി ഒളിക്യാമറ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. സംഭവം പുറത്തുവന്നതോടെ സ്ഥാപനത്തിലെ നൂറുകണക്കിന് വനിതാ ജീവനക്കാർ പ്രതിഷേധിച്ചു.

ടാറ്റാ കമ്പനിയുടെ 'വിടിയൽ റെസിഡൻസി' എന്ന ഹോസ്റ്റലിലെ ഒരു ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. 11 നിലകളുള്ള കെട്ടിടത്തിന് എട്ട് ബ്ലോക്കുകളാണുള്ളത്. ഇവിടെ ആറായിരത്തിലധികം സ്ത്രീകൾ താമസിക്കുന്നുണ്ട്. നവംബർ 2-നാണ് ഹോസ്റ്റലിലെ ഒരു താമസക്കാരി ഒളി ക്യാമറ കണ്ടതെന്ന് പൊലീസ് സൂപ്രണ്ട് പി. തങ്കദുരൈ പറഞ്ഞു. യുവതി ആദ്യം നീലുകുമാരിയോടാണ് സംഭവം പറഞ്ഞത്. വലിയ നടുക്കം രേഖപ്പെടുത്തിയ നീലുകുമാരി, യുവതി ഹോസ്റ്റലിലെ മറ്റു താമസക്കാരെ വിവരം അറിയിക്കാൻ പോയ സമയത്ത് ക്യാമറ ശുചിമുറിയിൽ നിന്ന് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് താമസക്കാർ നീലുകുമാരിക്കെതിരെ കമ്പനിക്ക് പരാതി നൽകി. കമ്പനി നീലുകുമാരിയെ താക്കീത് ചെയ്ത് വെറുതെ വിടാൻ തീരുമാനിച്ചതോടെ ജീവനക്കാർ പ്രതിഷേധിച്ചു. ഇതോടെ പൊലീസിൽ പരാതി നൽകി.

പൊലീസ് എത്തി ചോദ്യംചെയ്തതോടെ നീലുകുമാരി കുറ്റം സമ്മതിച്ചു. കാമുകനായ സന്തോഷിന്‍റെ സമ്മർദ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്ന് നീലുകുമാരി പൊലീസിനോട് പറഞ്ഞു. ഇന്നലെ ബെംഗളൂരുവിലെ ഉദനപ്പള്ളിയിൽ നിന്നാണ് പൊലീസ് സംഘം സന്തോഷിനെ അറസ്റ്റ് ചെയ്തത്.

വനിതാ ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന്, ഹോസൂർ അഡീഷണൽ കളക്ടർ ആകൃതി സേഥിയും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തി. സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പു നൽകി. ഹോസ്റ്റലിൽ തടിച്ചുകൂടിയ വനിതാ ജീവനക്കാരുടെ മാതാപിതാക്കളെ പൊലീസ് വളരെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. മറ്റെവിടെയെങ്കിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായി പരിശോധിക്കാൻ വനിതാ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു