
ഹൈദരാബാദ്: കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളും മുസ്ലീങ്ങൾ എന്നാൽ കോൺഗ്രസുമെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന വിവാദത്തിൽ. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടേത് വോട്ട് ബാങ്കിൽ കണ്ണുവെച്ചുള്ള പ്രസ്താവനയാണെന്ന് തെലങ്കാനയിലെ ബിജെപി അധ്യക്ഷൻ എൻ രാമചന്ദർ റാവു വിമർശിച്ചു. കടുത്ത നിരാശയിലാണ് രേവന്ത് റെഡ്ഡിയെന്നും കോൺഗ്രസ് ഇപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മിൻ്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് ഭരണ കാലത്താണ് ഏറ്റവുമധികം സാമുദായിക സംഘർഷങ്ങൾ നടന്നിട്ടുള്ളതെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു. അപ്പോൾ എങ്ങനെയാണ് കോൺഗ്രസ് എന്നാൽ മുസ്ലിങ്ങൾ എന്ന് കോൺഗ്രസ് മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കുക. ഇത് അങ്ങേയറ്റം എതിർക്കപ്പെടേണ്ട വർഗീയ പരാമർശമാണ്. വരാനിരിക്കുന്ന ജൂബിലി ഹിൽസ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ആശങ്കയിലാണ് മുഖ്യമന്ത്രിയെന്ന് തോന്നുന്നു. അതിനാൽ അദ്ദേഹം മുസ്ലിം വോട്ടുകളെ കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഹിന്ദു വോട്ടുകളെ കുറിച്ച് കോൺഗ്രസ് മുഖ്യമന്ത്രി ചിന്തിക്കുന്നേയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.