അശാസ്ത്രീയ ചികിത്സാരീതി പിന്തുടരുന്നു; ശ്രീ ശ്രീ രവിശങ്കറിന്‍റെ പരിപാടിക്ക് എതിര്‍പ്പുമായി വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Oct 10, 2019, 6:07 PM IST
Highlights

മാനസികാരോഗ്യപ്രശ്നത്തിന് ശ്രീശ്രീ രവിശങ്കര്‍ നിര്‍ദേശിക്കുന്ന തെറപ്പി അശാസ്ത്രീയമാണെന്ന് പരിപാടിയെ എതിര്‍ത്തവര്‍ ആരോപിച്ചു. 

ബെംഗലൂരു: ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നടത്താനിരുന്ന പരിപാടി വിവാദമായി. ശ്രീ ശ്രീ രവിശങ്കറിന്‍റെ മാനസികാരോഗ്യ പരിഹാരം അശാസ്ത്രീയമാണെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ സംഘം ആരോപിച്ചു. അധ്യാപകര്‍ രംഗത്തെത്തിയതോടെ പരിപാടിക്ക് എതിര്‍പ്പുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി.

വ്യാഴാഴ്ച ജെ എന്‍ ടാറ്റ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാനിരുന്ന എക്സലന്‍സ് ത്രൂ ഇന്നര്‍പീസ് എന്ന പരിപാടിയാണ് വിവാദമായത്. ഒരുകൂട്ടം പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും പരിപാടിക്കെതിരെ ഡയറക്ടറെ സമീപിക്കുകയായിരുന്നു. ശ്രീ ശ്രീ രവിശങ്കറിന്‍റെ രീതികള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും പരിപാടി നടത്തിയാല്‍ സ്ഥാപനത്തിന്‍റെ സല്‍പേരിന് കളങ്കം വരുമെന്നും പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും പറഞ്ഞു. ഐഐഎസ്‍സിയുടെ ബാനറില്‍ പരിപാടി നടത്തരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

പ്രതിഷേധത്തെ തുടര്‍ന്ന് ഐഐഎസ്‍സി ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് പരിപാടിയുടെ വിവരങ്ങള്‍ നീക്കം ചെയ്തു. ചില വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പരിപാടി നടത്തുന്നതെന്ന് ഐഐഎസ്‍സി വ്യക്തമാക്കി. മാനസികാരോഗ്യപ്രശ്നത്തിന് ശ്രീശ്രീ രവിശങ്കര്‍ നിര്‍ദേശിക്കുന്ന തെറപ്പി അശാസ്ത്രീയമാണെന്ന് പരിപാടിയെ എതിര്‍ത്തവര്‍ ആരോപിച്ചു. വിവിധ മാനസികരോഗ്യ പ്രശ്നത്തിന് ബ്ലാങ്കറ്റ് തെറാപിക് എന്ന രീതിയാണ് ശ്രീ ശ്രീ രവിശങ്കര്‍ അവലംബിക്കുന്നത്. ഈ രീതി ശാസ്ത്രീയ അടിത്തറയില്ലാത്തതും അപകടവുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

click me!