ഹരിയാണയിൽനിന്നുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ്(ആർഎഎഫ്) അസി. കമാൻഡന്റ് ആയ സോണിയ ഷെരാവത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വിവാദത്തിന് വഴിവെച്ചത്. അതേസമയം, സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായതോടെ സോണിയ തന്നെ വിവാദ സ്റ്റോറി പിന്നീട് പിൻവലിച്ചു.
ന്യൂഡൽഹി: സിജെപി സമരത്തെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച സിആർപിഎഫിന് കീഴിലുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥ വിവാദത്തിൽ. ഹരിയാണയിൽനിന്നുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ്(ആർഎഎഫ്) അസി. കമാൻഡന്റ് ആയ സോണിയ ഷെരാവത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വിവാദത്തിന് വഴിവെച്ചത്. അതേസമയം, സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായതോടെ സോണിയ തന്നെ വിവാദ സ്റ്റോറി പിന്നീട് പിൻവലിച്ചു. എന്നാൽ, സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
സിജെപി സമരം ഡൽഹിയിൽ ശക്തമായി തുടരുന്നതിനിടെയാണ് ഇതിനെ ആക്ഷേപിക്കുന്നരീതിയിൽ ഉദ്യോഗസ്ഥ സ്റ്റോറി പങ്കുവെച്ചത്. സ്വയം നന്നാക്കാൻ കഴിയാത്തവരാണ് രാജ്യത്തെ നന്നാക്കാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു സ്റ്റോറി. ഒപ്പം ചത്തുകിടക്കുന്ന ഒരു പാറ്റയുടെ ചിത്രവും പങ്കുവെച്ചിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ സോണിയയുടെ ഈ സ്റ്റോറി ചർച്ചയായി. സർവീസിലുള്ള ആർഎഎഫ് കമാൻഡന്റ് ഇത്തരത്തിലുള്ള സ്റ്റോറി പോസ്റ്റ് ചെയ്തതാണ് ഏവരും ചൂണ്ടിക്കാട്ടിയത്. ഉദ്യോഗസ്ഥയുടെ നടപടി ഞെട്ടിക്കുന്നതാണെന്നാണ് സിജെപി പ്രതികരിച്ചത്. സോണിയ സർവീസ് ചട്ടലംഘനമാണ് നടത്തിയതെന്നും ആരോപണമുണ്ട്.
അധിക്ഷേപകരമായ സ്റ്റോറി പങ്കുവെച്ച സോണിയക്കെതിരേ അച്ചടക്ക നടപടി വേണമെന്നാണ് സാമൂഹികമാധ്യമങ്ങളിലടക്കം ചിലർ ആവശ്യപ്പെട്ടത്. യൂണിഫോമിലുള്ള ഫോട്ടോകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്നും എന്നാൽ സോണിയയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ യൂണിഫോമിലുള്ള നിരവധി ചിത്രങ്ങളുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമിൽ ആറുലക്ഷത്തിലേറെ ഫോളോവേഴ്സാണ് സോണിയക്കുള്ളത്.
അതേസമയം, വിഷയത്തിൽ മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ സോണിയയിൽനിന്ന് വിശദീകരണം തേടുമെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ പ്രതിഷേധത്തിൽ ആർഎഎഫിനെയും ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നു. തുടർന്ന് ജൂലായ് 20-നുണ്ടായ സംഘർഷത്തിൽ സോണിയക്കും പരിക്കേറ്റതായാണ് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റതിനാൽ 20-ന് ശേഷം ഇവർ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ലെന്നും ചികിത്സയിലാണെന്നും ഈ റിപ്പോർട്ടുകളിലുണ്ട്.


