
ചെന്നൈ: കൊവിഡ് കാലത്തെ പോലെ ഊർജ പ്രതിസന്ധിയെയും നേരിടണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി. ഉത്തരവാദിത്തം ഔട്ട്‍സോഴ്‌സ് ചെയ്യുന്നത് എന്തിനെന്ന് എം കെ സ്റ്റാലിൻ ചോദിച്ചു. തയാറെടുക്കേണ്ടത് ജനങ്ങൾ അല്ല, സർക്കാർ ആണ്. രാജ്യത്തിനുള്ളത് ഒരു ചോദ്യം മാത്രം, ജനത്തിന്‍റെ താത്പര്യം സംരക്ഷിക്കാൻ മോദി തയാറെടുത്തിട്ടുണ്ടോ എന്നാണത്. ദീർഘവീക്ഷണത്തോടെ തയാറെടുക്കേണ്ടതിനു പകരം ജനത്തെ ഉപദേശിക്കുകയാണ്. മോദിക്ക് കത്തുകൾ അയച്ചിട്ടും ഒരു പ്രതികരണവും ഇല്ലെന്നും സ്റ്റാലിൻ പറഞ്ഞു.
മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നും ഇന്ത്യയിലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു. ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ട്. പാർലമെന്‍റിൽ നിന്ന് സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും സന്ദേശം ഒറ്റക്കെട്ടായി പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെയും പശ്ചാത്തലത്തിൽ രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയരുകയാണ്. ഗൾഫ് രാജ്യങ്ങളുമായും ഇസ്രയേലുമായും ഇറാനുമായും അമേരിക്കയുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. ഊർജ്ജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ എതിർക്കുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്ന പരിഹാരം ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്നു. ഇറാനിൽ നിന്ന് 700 മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം 1000 പേരെ തിരികെ എത്തിച്ചു. ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ നീക്കത്തിന് ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്.
പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും എൽപിജിയും എത്തി. ലോക സാഹചര്യം ഇങ്ങനെ തുടർന്നാൽ ഗൗരവമേറിയ പ്രത്യാഘാതം ഉണ്ടാകും. ഇത്തരം പ്രതിസന്ധികൾ നേരിടാൻ നിരന്തര ശ്രമങ്ങൾ ഉണ്ടായി. ഇന്ത്യ ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ എത്തിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. മതിയായ ക്രൂഡ് ഓയിൽ ശേഖരം രാജ്യത്തുണ്ട്. എൽപിജി ഉത്പാദനം കൂട്ടാനും രാജ്യത്തിനായി. ഇന്ത്യയിൽ തന്നെ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടിയുടെ പദ്ധതി നടപ്പാക്കിയെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam